ശ്രീമഹേഷ് പെട്ടെന്ന് പ്രകോപിതനായി: ജയില്‍ സൂപ്രണ്ട്
1301423
Friday, June 9, 2023 11:15 PM IST
മാവേലിക്കര: മാവേലിക്കരയിൽ ആറുവയസുകാരിയായ മകള്‍ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷിന്റെ ആത്മഹത്യാശ്രമത്തില്‍ പ്രതികരണവുമായി മാവേലിക്കര ജയില്‍ സൂപ്രണ്ട് ടി.ജെ. പ്രവീഷ്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പോലീസ് അറിയിച്ചിരുന്നു.
വാറണ്ട് മുറിയില്‍ എത്തിച്ച ശേഷം പോലീസുകാര്‍ മടങ്ങി. രേഖകള്‍ തയാറാക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ജയില്‍ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പര്‍ മുറിക്കുന്ന ബ്ളേഡ് എടുത്തു കഴുത്തിലെയും ഇടതു കൈയിലെയും ഞരമ്പുകള്‍ മുറിച്ചുവെന്നും ജയില്‍ സൂപ്രണ്ട് പറയുന്നു.
എന്നാല്‍ ജയിലില്‍ എത്തിച്ചപ്പോള്‍ ശാന്തനായിരുന്നതുകൊണ്ടാണ് കുടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താതിരുന്നതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന പരാമര്‍ശവുമായി ശ്രീമഹേഷിനെതിരേ ഭാര്യയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ടുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തില്‍ സംശയമുണ്ട്. ഇത് കൊലപാതകമാണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണന് പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ മൂന്നു പേരും ജീവനൊടുക്കു മെന്ന് അന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.