റോഡിൽ കുഴികളും വെള്ളക്കെട്ടും: ഓട്ടോ തൊഴിലാളികൾ റോഡ് ഉപരോധിച്ചു
1301421
Friday, June 9, 2023 11:12 PM IST
മങ്കൊമ്പ്: കാവാലം-കൈനടി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളി സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. യൂണിയൻ സെക്രട്ടറി എ.പി. മനോജ് കുമാർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. അനീഷ്.കെ.അംബുജം അധ്യക്ഷത വഹിച്ചു.
സ്കൂളുകൾ തുറന്നതോടെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിനു വിദ്യാർഥികളാണ് ഇതുവഴി യാത്രചെയ്യുന്നത്. ബസ്റ്റാൻഡിനു സമീപത്തെ വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളും സൈക്കിൾ യാത്രികരും അപകടങ്ങളിൽപ്പടുന്നതു പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് കാവാലത്തെത്തിയ എംഎൽഎയെ നാട്ടുകാർ റോഡിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയെടുക്കുമെന്ന് എംഎൽഎയുടെ ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ ദിവസങ്ങളിത്രയായിട്ടും നടപടിയാകാത്തത് നാട്ടുകാരുടെയാകെ പ്രതിഷേധത്തിനിടയാക്കി.
കാലവർഷം ശക്തമാകുന്നതോടെ റോഡിന്റെ അവസ്ഥ കൂടുതൽ മോശമാകും. ഇതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.