2018 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മത്സ്യത്തൊഴിലാളികളുടെ ആദരം
1301137
Thursday, June 8, 2023 11:14 PM IST
ചേർത്തല: മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച 2018 സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മത്സ്യത്തൊഴിലാളികളുടെ ആദരം. 2018 ല്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ രൂക്ഷമായ വെള്ളക്കെട്ടില്‍ ദുരിതയാതന അനുഭവിച്ച ജനങ്ങളുടെ രക്ഷാദൂതരായി മാറിയ മത്സ്യത്തൊഴിലാളികളുടെ യാതന കഥകള്‍ അഭ്രപാളിയില്‍ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച സിനിമാപ്രവര്‍ത്തകരെ മത്സ്യത്തൊഴിലാളികള്‍ അനുമോദിക്കാനാണ് അര്‍ത്തുങ്കലില്‍ വേദിയൊരുക്കിയത്.
2018ലെ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളും 2018 സിനിമയിലെ കലാകാരന്മാരും സംഗമിച്ച ‘സാഗരാദരം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി തീരദേശ മേഖലയ്ക്ക് ആവേശമായി. 2018 സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി, അഭിനേതാക്കളായ ടോവിനോ തോമസ്, ലാൽ, തിരക്കഥാകൃത്ത് അഖിൽ പി. ധർമജൻ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിഐജി എൻ. രവി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ
ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജാക്സൺ പൊള്ളയിൽ ആമുഖ പ്രഭാഷണം നടത്തി. രാജു ആശ്രയം, ആന്റണി കുരിശിങ്കൽ, സിനിമോൾ സാംസൺ തുടങ്ങിയവർ പങ്കെടുത്തു.