തൈക്കാട്ടുശേരി പാലം പൊളിയുന്നു
1301136
Thursday, June 8, 2023 11:14 PM IST
തുറവൂർ: തൈക്കാട്ടുശേരി പാലം പൊട്ടിപ്പൊളിയുന്നു. പാലത്തിന്റെ മുകൾ ഭാഗമാണ് പൊളിഞ്ഞുകൊണ്ടിരിക്കുന്നത്. പാലത്തിന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറ് ഭാഗത്തും നിരവധി സ്ഥലങ്ങളിലാണ് പൊളിഞ്ഞുതുടങ്ങിയത്. പാലത്തിലെ പൊളിഞ്ഞ ഭാഗങ്ങൾ അപകടക്കെണിയായിരിക്കുകയാണ്. കോടികൾ ചെലവഴിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച പാലമാണിത്.
എട്ടു വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. നിർമാണ പ്രവർത്തനത്തിലെ അപാകതയാണ് പൊളിയുന്നതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനോടകം നിരവധി തവണ മുകൾഭാഗം ടാർ ചെയ്തു കുഴിയടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വീണ്ടും പൊട്ടിപ്പൊളിയുകയാണ് ഉണ്ടായത്.
മറ്റൊരു പാലാരിവട്ടം പാലമായി തൈക്കാട്ടുശേരി പാലം മാറുകയാണെന്നാണ് ജനസംസാരം.
പാലത്തിന്റെ നിർമാണപ്രവർത്തന സമയത്തുതന്നെ പാലം പണിയുടെ അപകാതകളെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നിർമാണത്തിനിടെ ഒരു ബീം തകർന്നു കായലിൽ വീണിരുന്നു.
പള്ളിത്തോട് പമ്പാ പാതയുടെ ഭാഗമായുള്ള തൈക്കാട്ടുശേരി പാലത്തിന്റെ നിർമാണത്തിലെ അപാകതയെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പാലത്തിനുണ്ടായിരിക്കുന്ന തകർച്ച വിലയിരുത്ത ണമെന്നുള്ള ആവശ്യം ശക്തമാകുന്നു.