കുട്ടികളുടെ എണ്ണത്തിൽ കുതിപ്പ്; സൗകര്യത്തിൽ കിതപ്പ്
1301133
Thursday, June 8, 2023 11:14 PM IST
ചെങ്ങന്നൂർ: കുട്ടികളുടെ എണ്ണത്തിൽ മുന്നോട്ടു കുതിക്കുന്ന ചെറിയനാട് ഗവ. ജെബിഎസ് അസൗകര്യങ്ങളുടെ ന ടുവിൽ കിതയ്ക്കുന്നു.
പഠനനിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലും ജില്ലയിൽത്തന്നെ മികച്ച സ്കൂളുകളിലൊന്നായി മാറിയിട്ടുണ്ട് ചെറിയനാട് ഗവ. ജെബി സ്കൂൾ. എന്നാൽ, പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ശോചനീയമാണ് കാര്യം.
പ്രീ-പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ അധ്യയനമുള്ള ഇവിടെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ക്ലാസ് മുറികൾ സജ്ജമാക്കാൻ കെട്ടിട സൗകര്യമില്ലാത്തതാണ് സ്കൂൾ നേരിടുന്ന പ്രധാന വെല്ലുവിളി.
എണ്ണത്തിൽ കുതിപ്പ്
പ്രീ-പ്രൈമറി വിഭാഗത്തെ സർക്കാർ അംഗീകരിച്ച്, പ്രവർത്തന സഹായം നൽകണമെന്നാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അധ്യാപകരും ആവശ്യപ്പെടുന്നത്. ചെങ്ങന്നൂർ ഉപജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് ചെറിയനാട് ജൂണിയർ ബേസിക് സ്കൂൾ.
2017-18 കാലയളവിൽ പ്രീ-പ്രൈമറിതലം മുതൽ അഞ്ചാം ക്ലാസ് വരെ മൊത്തം 95 കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം നാനൂറ് കുട്ടികളുമായി തലയുയർത്തി നിൽക്കുന്നു. ഇതിൽ ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയവർ 60 ആണ്. പ്രീ-പ്രൈമറിയിൽ പുതുതായി 98 കുട്ടികളുമെത്തി.
സൗകര്യങ്ങൾ കുറവ്
എണ്ണത്തിനനുസരിച്ചു കുട്ടികളെ ഇരുത്താൻ സൗകര്യമില്ലാത്തതാണ് അധികൃതർക്കു തലവേദന. 35 സെന്റ് സ്ഥലത്തു നൂറ്റാണ്ട് പഴക്കംചെന്ന ഓടിട്ട കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മൂന്നു മുറികളിലും അടുത്ത കാലത്തു നിർമിച്ച 5,100 ചതുരശ്രഅടി വിസ്തീർണമുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടത്തിന്റെ എട്ട് മുറികളിലുമായി മൊത്തം 11 ക്ലാസ് റൂമുകളിലാണ് നിലവിൽ.
ഓഫിസ് കാര്യങ്ങളടക്കം പ്രവർത്തിക്കുന്നതും പുതിയ കെട്ടിടത്തിലാണ്. നിലവിൽ കുട്ടികളുടെ എണ്ണമനുസരിച്ചു പൂർണതോതിൽ പ്രവർത്തിക്കാൻ 16 ക്ലാസ് മുറികളെങ്കിലും അടിയന്തര ആവശ്യമാണ്.
കൂടാതെ ഓഫീസ് റൂം, ടീച്ചേഴ്സ് റൂം, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, ഡൈനിംഗ് ഹാൾ തുടങ്ങിയവയ്ക്കു മുറികൾ അധികമായി വേണം. പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടു സ്കൂളിലെ പാചകപ്പുര നേരത്തെ പൊളിച്ചുനീക്കിയിരുന്നു. പകരം പഴയ സ്കൂൾ കെട്ടിടത്തിന്റെ ഒരു മൂലയിലാണ് ഇപ്പോൾ പാചകപ്പുര.
ആ ശങ്കയ്ക്കു വഴിയില്ല!
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യവും വേണ്ടത്രയില്ല. വർഷങ്ങൾക്കു മുമ്പുള്ള രണ്ടു ടോയ്ലറ്റുകൾ മാത്രമാണുള്ളത്. കുട്ടികൾ കൂടുതലുള്ളതിനാൽ ഓരോ ക്ലാസുകാരെയും വിവിധ സമയങ്ങളിൽ ഇറക്കിയാണ് ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്. പുതിയ കെട്ടിടത്തിൽ വൈദ്യുതി ലഭ്യമായിട്ടില്ല. അതിനാൽ ഫാൻ, ലൈറ്റ് തുടങ്ങിയവ സ്ഥാപിച്ചിട്ടില്ല.
കുടിവെള്ള സൗകര്യത്തിന് ഉപയോഗിക്കുന്ന വൈദ്യുത മോട്ടോർ കാലപ്പഴക്കം ചെന്നതാണ്. ഇരുത്തി പഠിപ്പിക്കാനുള്ള ഫർണിച്ചർ സംവിധാനങ്ങളും കുറവ്. കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം പ്രീ- പ്രൈമറിയും ഒന്നാം ക്ലാസുമൊക്കെ അനുകൂല കാലാവസ്ഥയ്ക്കനുസൃതമായി മുറ്റത്തെ വൃക്ഷച്ചുവട്ടിലും വരാന്തയിലുമൊക്കെയായി ക്രമീകരിച്ചാണ് ക്ലാസ് നടത്തുന്നത്. സ്കൂളിനു സ്വന്തമായി വാഹന സൗകര്യമില്ലാത്തതും വലിയ പോരായ്മയാണ്.
ഏകദേശം 15 കിലോമീറ്റർ ചുറ്റളവിൽ മൂന്നു പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഇവിടത്തെ വിദ്യാർഥികൾ. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തയിലും സ്കൂൾ നൽകുന്ന പഠന നിലവാരവും ശിശുസൗഹൃദവുമാണ് ഇത്ര ദൂരത്തുനിന്നു പോലും കുട്ടികളെ ഇവിടെ വിടുന്നതെന്നു രക്ഷിതാക്കൾ പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും പ്രത്യേക ശ്രദ്ധയും കരുതലുമാണിവിടെ നൽകുന്നത്.
അധ്യാപകരും കുറവ്
പല സ്കൂളിലും അധ്യാപകർക്ക് അനുസരിച്ചു കുട്ടികൾ ഇല്ലെങ്കിൽ ഇവിടെ കുട്ടികൾക്ക് ആനുപാതികമായി അധ്യാപകരില്ല എന്നതാണ് ഒരു പ്രശ്നം. ഇക്കഴിഞ്ഞ വർഷം 11 അധ്യാപകർ വേണ്ടിടത്തു നാലു പേരെ ഉണ്ടായിരുന്നുള്ളൂ. മൂന്നു നിയമനങ്ങൾ പിഎസ്സി നടത്തിയെങ്കിലും ഇപ്പോഴും അധ്യാപകർ കുറവാണ്. ദിവസവേതന പ്രകാരം അധ്യാപകരെ നിയമിക്കാനും സാധിക്കുന്നില്ല. പ്രീ-പ്രൈമറി വിഭാഗം പിടിഎയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. അവിടത്തെ ജീവനക്കാർക്കു സർക്കാർ ഒാണറേറിയം ലഭിക്കുന്നില്ല.
പുതിയ സ്കൂൾ കെട്ടിടം, സ്കൂൾ ബസ് എന്നിവ അനുവദിക്കാനും പ്രീ-പ്രൈമറി വിഭാഗത്തിന് അംഗീകാരം നൽകുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അധ്യാപരും അധികൃതർക്കു മുമ്പാകെ സമർപ്പിക്കുന്ന ആവശ്യം.