അപൂർവ രോഗബാധിതനായ രാഹുലിന് സഹായം
1301129
Thursday, June 8, 2023 11:14 PM IST
കാർത്തികപ്പള്ളി: അപൂർവ രോഗബാധിതനായ മകന്റെ മരുന്നിനും ചികിത്സയ്ക്കുമായി സഹായം തേടിയെത്തിയ അമ്മയുടെ കണ്ണീരൊപ്പി കരുതലും കൈത്താങ്ങും അദാലത്ത്.
ഹരിപ്പാട് നഗരസഭയിൽ താമസിക്കുന്ന ഗീതാ കുമാരിയാണ് അപൂർവരോഗമായ വിൽസൺ ഡിസീസ് ബാധിതനായ മകൻ രാഹുൽ കിരണുമൊത്ത് അദാലത്ത് വേദിയിലെത്തിയത്. ഏഴു വയസുമുതൽ രോഗബാധിതനായ മകന്റെ ജീവൻ നിലനിർത്തുന്നതിനായി മാസം 25,000 ത്തോളം രൂപ വിലവരുന്ന മരുന്നു വേണം. പ്രവാസിയായിരുന്ന ഭർത്താവ് ഹൃദ്രോഗം പിടിപെട്ടപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു. ഇളയ മകന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. എല്ലാമാസവും മുടങ്ങാതെ മരുന്ന് വാങ്ങുവാൻ കഴിയാതെ വന്നപ്പോഴാണ് കുടുംബം അദാലത്തിലെത്തിയത്. മന്ത്രി പി. പ്രസാദ് സാമൂഹ്യനീതി വകുപ്പിന്റെ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കാൻ കളക്ടർക്ക് നിർദേശം നൽകി.