ബീയാർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ
1301127
Thursday, June 8, 2023 11:09 PM IST
മങ്കൊമ്പ്: ബീയാർ പ്രസാദ് സൗഹൃദ കൂട്ടായ്മ, കുട്ടനാട് തനിമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബീയാർ പ്രസാദ് അനുസ്മരണവും സമഗ്ര സംഭാവന പുരസ്കാര സമർപ്പണവും നാളെ നടക്കും. രാവിലെ ഒൻപതിന് ബീയാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്കു തുടക്കമാകും. തുടർന്ന് പത്തിന് മങ്കൊമ്പ് തെക്കേക്കര ബ്രൂക്ക് ഷോർ ഓഡിറ്റോറിയത്തിൽ കാവാലം ബാലചന്ദ്രൻ ദീപപ്രകാശനം നിർവഹിക്കും. തുടർന്ന് ബീയാറിന്റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ഓർമകൾ പങ്കുവയ്ക്കും.
തുടർന്ന് അദ്ദേഹത്തിന്റെ നാടകജീവിതം, പാട്ടുജീവിതം, മറ്റു പ്രവർത്തനമേഖലകൾ തുടങ്ങിയവ പ്രമുഖർ വിലയിരുത്തും. വൈകുന്നേരം 4.30നു നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. കുട്ടനാട് തനിമ ചെയർമാൻ ഡോ.തോമസ് പനക്കളം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആർ.ദേവനാരായണൻ പ്രശസ്തിപത്രം വായിക്കും. തുടർന്ന് സമഗ്രസംഭാവനയ്ക്കുള്ള മരണാനന്തര ബഹുമതി, ബീയാറിന്റെ ഭാര്യ വിധു പ്രസാദ് ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപ, പ്രശസ്തിപത്രം, ശില്പം എന്നിവയടങ്ങുന്നതാണ് ബഹുമതി.
ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ് കുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. നടൻ അനൂപ് ചന്ദ്രൻ, കാവാലം ശ്രീകുമാർ, പ്രഫ.മാത്യു പ്രാൽ, പി.എൻ.എസ്. നമ്പൂതിരി, ഡോ.എൻ.എൻ. പണിക്കർ, ഡോ.നെടുമുടി ഹരികുമാർ, സി. രാധാകൃഷ്ണൻ അമ്പലപ്പുഴ തുടങ്ങിയവർ പ്രസംഗിക്കും. കഥകളി, നാടൻ പാട്ട്, കോമഡി ഷോ, മാജിക് ഷോ, നാടകം എന്നിവയും അവതരിപ്പിക്കും. അടുത്തവർഷം മുതൽ ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പുരസ്കാരം നൽകും.