കോടതി അലക്ഷ്യത്തിന് ചീഫ് സെക്രട്ടറിക്കു നോട്ടീസ്
1301123
Thursday, June 8, 2023 11:09 PM IST
ആലപ്പുഴ: സർക്കാർ പൊതുജനാഭിപ്രായം ആരായുന്നതിനു പുറത്തിറക്കിയിരിക്കുന്ന സിആർഇസഡ് കരട് മാപ്പ് പിൻവലിച്ച് അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് ചീഫ് സെക്രട്ടറിക്കെതിരേ കോടതി വിധി പ്രകാരം കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചു. കൃപാസനം കേരള കോസ്റ്റല്‍ മിഷന്റെയും കെഎസ്എടിഎഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോടതി വിധിയും സിആര്‍ഇസഡ് പ്രതിസന്ധി പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി.
കൃപാസനം കേരള കോസ്റ്റല്‍ മിഷന് ഡയറക്ടര്‍ റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ച സെമിനാര്‍ കെഎസ്എംടിഎഫ് സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയില് ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി അഭിഭാഷകന് അഡ്വ. ഷെറി ജെ. തോമസ് സെമിനാര്‍ നയിച്ചു.
സിആര്‍ഇസഡ് കരട് മാപ്പ് ഭരണഘടനാ വിരുദ്ധവും കോടതി അലക്ഷ്യവുമെന്ന് സെമിനാര്‍ വിലയിരുത്തി. കോടതി അലക്ഷ്യകേസിലെ ഹര്ജിക്കാനായ കൃപാസനം കോസ്റ്റല്‍ മിഷന് ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് 2018ല്‍ സമര്‍പ്പിച്ച പൊതു താത്പര്യഹര്‍ജിയില്‍ 2021 ഒക്ടോബര്‍ അഞ്ചിന് ജസ്റ്റീസ് മണിലാല്‍, ഷാജി പി. ചാലി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് തീരത്തിനും തീരവാസികള്‍ക്കും അനുകൂലമായി വിധിപ്രസ്താവിച്ചിരുന്നു.
ഈ വിധിപ്രകാരമാണ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അഥോറിറ്റി ചെയര്‍മാനും ചീഫ് സെക്രട്ടറിക്കും മെംബര്‍ സെക്രട്ടറിക്കും നോട്ടീസ് അയച്ചത്.
ആലപ്പുഴ രൂപത കെഎല്‍സിഎ ഡയറക്ടര്‍ ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍, എഡിഎസ് ഡയറക്ടര്‍ ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പില്‍, കൃപാസനം സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. ക്ലിന്ണ് ജെ. സാംസണ്, കോസ്റ്റല്‍ മിഷന് സെക്രട്ടറി അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍, കോസ്റ്റല്‍ മിഷന് പഠനകേന്ദ്രം സെക്രട്ടറി ലൂസി മാര്ട്ടിന്, കെആര്‍എല്‍സിസി എക്സിക്യൂട്ടീവ് പി.ആര്. കുഞ്ഞച്ചന്, കെസിവൈഎം രൂപത പ്രസിഡന്റ് പോള്‍ ആന്റണി, ബിജു കരുമാഞ്ചേരി, സന്തോഷ് കൊടിയനാട്, കെഎസ്എംടിഎഫ് ജില്ലാ പ്രസിഡന്റ് രാജു ആശ്രയം, സാബു, തങ്കച്ചന് ഈരേശേരി, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.