നക്ഷത്രയുടെ കൊലപാതകം: മഴു കണ്ടെടുത്തു
1301120
Thursday, June 8, 2023 11:09 PM IST
മാവേലിക്കര: ആറു വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിരുന്ന അച്ഛൻ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷിനെ (38) ഇന്നലെ ഉച്ചയ്ക്ക് 1.40ന് സംഭവം നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു.
മാവേലിക്കര സിഐ സി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് പ്രതിയെ എത്തിച്ചത്. വന്‍ ജനാവലിയാണ് വീടിനു ചുറ്റും റോഡിലും കാത്തുനിന്നത്. പ്രതിയെ കൊണ്ടുവന്നപ്പോള്‍ മുതല്‍ തിരികെ കൊണ്ടുപോകും വരെ ജനക്കൂട്ടം പ്രതിഷേധിച്ചു. വീടിനുള്ളില്‍ കയറിയ ശേഷം മുറികള്‍ക്കുള്ളിലും കുഞ്ഞ് കൊല്ലപ്പെട്ടു കിടന്ന സോഫയുടെ സമീപവും എത്തിച്ചു തെളിവെടുത്തു. നക്ഷത്രയെ കൊല്ലാന്‍ ഉപയോഗിച്ച മഴു വീടിനുള്ളില്‍നിന്നു പോലീസ് കണ്ടെടുത്തു.
ഫോറന്‍സിക് സംഘവും പരിശോധന നടത്തി. സയന്റഫിക് ഓഫീസര്‍ അഖില്‍ കുമാര്‍, ഫോറന്‍സിക് എക്സ്പര്‍ട്ട് പി. പ്രതിഭ, അസി. പോലീസ് ഫോട്ടോഗ്രഫര്‍ രണധീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. മകളെ കൊലപ്പെടുത്താനുണ്ടായ കാരണം ഉള്‍പ്പടെ ശ്രീമഹേഷ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടയില്‍ ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടറായ ജയചന്ദ്രനെയും കൂടെയുണ്ടായിരുന്ന കാമറമാനെയും ജനക്കൂട്ടം അക്രമിച്ചു. ആക്രമിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.