മുറിച്ചിട്ട മരം നീക്കുന്നതിനിടെ ബൈക്ക് യാത്രികനു പരിക്ക്
1300586
Tuesday, June 6, 2023 10:43 PM IST
അമ്പലപ്പുഴ: ദേശീയപാതയോരത്ത് മുറിച്ചിട്ട മരം നീക്കുന്നതിനിടെ ചില്ലകള്തട്ടി ബൈക്ക് യാത്രികനു പരിക്ക്. അമ്പലപ്പുഴ തുണ്ടുപറമ്പ് ജോജി(42) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അമ്പലപ്പുഴ പായല്കുളങ്ങരയ്ക്കു സമീപം ദേശിയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചിട്ട തടി തൊഴിലാളികള് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം. മരം മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി വാഹനഗതാഗതം നിര്ത്തിവച്ചിരുന്നു.
ഗതാഗതം പുനഃസ്ഥാപിച്ചശേഷമാണ് തൊഴിലാളികള് മരം നീക്കാനുള്ള ശ്രമം നടത്തിയത്. ഇതിനിടെയാണ് ജോജി സഞ്ചരിച്ചിരുന്ന ബൈക്കില് മരച്ചില്ല തട്ടുന്നത്. റോഡില്വീണു പരിക്കേറ്റ ജോജിയെ അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്ന്ന് ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചു.