സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹവുമായി കർഷകർ
1299005
Wednesday, May 31, 2023 10:52 PM IST
മങ്കൊമ്പ്: കർഷകരിൽനിന്നു സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഉടൻ നല്കുക, ഹാൻഡലിംഗ് ചാർജ് പൂർണമായും സർക്കാർ നൽകുക, കിഴിവ് കൊള്ളയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യമുന്നയിച്ചു നെൽകർഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ കർഷകർ ഭിക്ഷയെടുത്തു സത്യഗ്രഹം നടത്തി. നെൽകർഷക സംരക്ഷണ സമിതി കോർഡിനേറ്റർ സോണിച്ചൻ പുളിങ്കുന്ന് സമരം ഉദ്ഘാടനം ചെയ്തു.
സമിതി ചങ്ങനാശേരി മേഖലാ രക്ഷാധികാരി വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ തുറക്കുമ്പോൾ മക്കൾക്കു പുസ്തകവും യൂണിഫോം വാങ്ങാൻ നിർവാഹമില്ലാതെ, കർഷകൻ ജീവനൊടുക്കാതിരിക്കാൻ ജനങ്ങൾ കനിയണമെന്നഭ്യർഥിച്ചായിരുന്നു കർഷകർ ഭിക്ഷയാചിച്ചത്.
നെൽകർഷക സമിതി വിവിധ തലങ്ങളിലുള്ള നേതാക്കളാണ് സമരത്തിൽ പങ്കെടുത്തത്. നെൽകർഷക സംരക്ഷണ സമിതി സെൻട്രൽ കമ്മിറ്റി കൺവീനന്മാരായ പി.ആർ.സതീശൻ, ജയിംസ് കല്ലൂപാത്ര, ദില്ലി ചലോ കർഷക സമരസംഘടനായ എഐകെകെഎംഎസ് സംസ്ഥാന പ്രസിഡന്റ് എ.എ.അസീസ്, ഷൈലാ.കെ.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സമിതിയുമായി ചേർന്നു പ്രവർത്തിക്കുന്നതിനായി 8281755466, 9446923375 നമ്പരുകളിൽ ബന്ധപ്പെടണമെന്നും നേതാക്കൾ അറിയിച്ചു.