കായംകുളം സെന്റ് ആന്റണീസ് ദേവാലയത്തിൽ നൊവേന നേർച്ച തിരുനാളിനു ഇന്നു തുടക്കം
1298999
Wednesday, May 31, 2023 10:48 PM IST
കായംകുളം: സെന്റ് ആന്റണീസ് റോമൻ കത്തോലിക്ക ദേവാലയത്തിൽ പ്രസിദ്ധമായ നൊവേന നേർച്ച തിരുനാൾ ഇന്ന് ആരംഭിക്കും. രാവിലെ ഏഴിന് ഇടവകവികാരി ഫാ. ലാസർ എസ്. പട്ടകടവ് കൊടിയേറ്റ് കർമം നിർവഹിക്കും. ജൂൺ 13ന് തിരുനാൾ സമാപിക്കും.
എല്ലാ ദിവസവും രാവിലെ ഏഴിനും ഉച്ചയ്ക്ക് 12 നും വൈകിട്ട് അഞ്ചിനും ദിവ്യബലികളും നൊവേന നേർച്ച സമർപ്പണവും രോഗികൾക്ക് സൗഖ്യലേപനവും. തുടർന്ന് പാദുവായിൽനിന്ന് കൊണ്ടുവന്ന അന്തോനീസ് പുണ്യവാന്റെ തിരുശേഷിപ്പ് പരസ്യവണക്കം എന്നിവ നടക്കും. ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കുമ്പസാരം, കൗൺസലിംഗ് എന്നിവയ്ക്ക് സൗകര്യം ഉണ്ടായിരിക്കും. വെള്ളിയാഴ്ചകളിൽ വൈകിട്ട് ആറിന് കുരിശിന്റെ വഴിയും മറ്റ് ദിവസങ്ങളിൽ തിരുരൂപം വഹിച്ചുള്ള മെഴുകുതിരി പ്രയാണവും പള്ളിക്ക് ചുറ്റും നടക്കും.
അഞ്ചിനു ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ 110 പുണ്യവന്മാരുടെ തിരുശേഷിപ്പുകളുടെയും പോളണ്ടിലെ ക്രാക്കോവിൽ നിന്നുവന്ന കരുണയുടെ ഛായാചിത്രവും ഫ്രാൻസിസ് മാർപാപ്പാ നൽകിയ തിരുക്കുടുംബത്തിന്റെ പെയിന്റിംഗും ഉൾപ്പെടുന്ന എക്സിബിഷൻ ക്രമീകരിച്ചിട്ടുണ്ട്. ഹോളിഹോം മിനിസ്ട്രിയാണ് ആധ്യാത്മിക കാഴ്ചകൾ ഒരുക്കുന്നത്.
സമാപന ദിനമായ 13ന് വൈകിട്ട് ആറിന് കായംകുളം നഗരിയിലൂടെ തിരുസ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണം നടക്കും. തുടർന്ന് കൊടിയിറക്ക്.
വിശുദ്ധ അന്തോനീസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പാദുവായിലെ അന്തർദേശീയ തീഥാടന ദിനങ്ങളിൽ തന്നെയാണ് കിഴക്കിന്റെ പാദുവയായ കായംകുളം പള്ളിയിലും നൊവേന നേർച്ച തിരുനാൾ നടക്കുന്നതെന്ന് ഭാരവാഹികളായ ജോസ് തറയിൽ, പ്രസാദ് ആന്റണി, ഷീല അലക്സാണ്ടർ തുടങ്ങിയവർ അറിയിച്ചു.