ചേര്‍ത്തല ഗുണ്ടാവിളയാട്ടം: ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ
1298998
Wednesday, May 31, 2023 10:48 PM IST
േചർത്തല: ചേര്‍ത്തലയില്‍ ഗുണ്ടാവിളയാട്ടത്തിൽ ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ടു യുവാക്കളെ ക്രൂരമായി മർദിക്കുകയും ഒരാളെ വെടിവച്ച് പരിക്കേൽപ്പിക്കുകയും വീടുകൾ തല്ലിത്തകർക്കുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും തകർക്കുകയും ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
നഗരത്തില്‍ ജിംനേഷ്യത്തിനുനേരെയുണ്ടായ സ്ഫോടക വസ്തു ഏറിന്റെ തുടര്‍ച്ചയായാണ് അക്രമപരമ്പരയുണ്ടായത്. വിവിധയിടങ്ങളിലായി മൂന്നു വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. ദേശീയപാതയില്‍ ഒറ്റപ്പുന്നകവലയ്ക്കു സമീപമാണ് അക്രമങ്ങളുടെ തുടക്കം. ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ അക്രമമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് വയലാറില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള അക്രമമുണ്ടായത്. മുതുകില്‍ വെടിയേറ്റു പരിക്കേറ്റ വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗണേഷ് നികര്‍ത്ത് രഞ്ജിത്ത് (26) താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 ഓടെ വയലാർ ഭാഗത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്കു നേരെ വെടി തീർക്കുകയും തുടർന്ന് വടക്കേ അങ്ങാടി കവലയ്ക്കു സമീപമുള്ള വീട് അടിച്ചുകയറുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിത്തകർക്കുകയും കാർത്യാനി ബാറിനു മുൻവശം രണ്ടു യുവാക്കളെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. വയലാർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെട്ടിശേരിച്ചിറ വീട്ടിൽ സച്ചു എന്നു വിളിക്കുന്ന സുരാജ്, ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ കൂമ്പേൽ വീട്ടിൽ അഭിരാം, കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡിൽ നന്ദനം വീട്ടിൽ അനന്തകൃഷ്ണൻ, വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ കുളവൻചിറ വീട്ടിൽ രാഹുൽ, പട്ടണക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പുൽപ്പാറ കോളനിയിൽ രാഹുൽ, പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ രാഹുൽ നിവാസിൽ ഡാലി എന്നു വിളിക്കുന്ന രാഹുൽ എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല, പട്ടണക്കാട്, മുഹമ്മ പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതികളാണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.