യന്ത്രക്കയർ കളം പിടിച്ചു; റാട്ടുകയർ നടന്നുമറഞ്ഞു
1298991
Wednesday, May 31, 2023 10:48 PM IST
പൂച്ചാക്കല്‍: ഒരു കാലത്ത് ആലപ്പുഴയിലെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന റാട്ടുകയറിന്റെ ഉത്പാദനം കുറയുന്നു. കയർ നിർമിക്കാൻ തമിഴ്നാട്ടില്‍ ഉപയോഗിച്ചുവന്നിരുന്ന യന്ത്രം ആലപ്പുഴയിലേക്കും എത്തിയതോടെയാണ് ലോകോത്തര നിലവാരമുള്ള ആലപ്പുഴ റാട്ട് കയറിന്റെ നല്ല കാലത്തിനു തിരശീല വീണത്. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് എത്തിക്കുന്ന ആധുനിക യന്ത്രം ഉപയോഗിച്ചു കയർ ഉത്പാദനം തുടങ്ങിയതോടെ ആലപ്പുഴയിലെ കയർപിരിക്കാർക്കു തിരിച്ചടിയായി.
പേരിനു മാത്രം
ആദ്യകാലങ്ങളില്‍ നാട്ടിന്‍പുറത്തെ വെള്ളക്കുഴികളില്‍ നിക്ഷേപിച്ചു ചീയിച്ച് എടുക്കുന്ന തൊണ്ട് തല്ലി യന്ത്രത്തിലിട്ട് അലിയിച്ച് എടുക്കുന്ന ചകിരിയായിരുന്നു കയര്‍പിരിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാൽ, തമിഴ്നാട്ടിൽനിന്നു കയർകൊണ്ടുവരാനും യന്ത്രം ഉപയോഗിച്ചു കയര്‍ ഉത്പാദനം നടത്താനും തുടങ്ങിയതോടെ പരമ്പരാഗ കയർ വ്യവസായം വീണു. ഒരു കാലത്തു ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ഏക ഉപജീവനമാർഗമായിരുന്നു കയർ വ്യവസായം. തെങ്ങിന്റെ തൊണ്ട് തല്ലി ചകിരിയാക്കി കയർപിരിച്ചു പായയും തടുക്കും നെയ്ത് കേരളത്തിനകത്തും പുറത്തേക്കും എത്തിച്ചു കൊടുക്കുന്പോൾ കിട്ടുന്ന വരുമാനമായിരുന്നു അവരുടെ ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്നത്. എന്നാൽ, ഇന്നു പേരിനു മാത്രമായി അവശേഷിക്കുകയാണ് ഈ പരന്പരാഗത വ്യവസായം.
കയറിനൊപ്പം യന്ത്രവും
തമിഴ്നാട്ടില്‍ വിലകുറച്ചു ചകിരി ലഭ്യമാണെന്നു വന്നതോടെ പലരും അവിടെനിന്നു ചകിരി ഇറക്കിത്തുടങ്ങി. മാത്രമല്ല, തമിഴ്നാട്ടുകാര്‍ ആധുനിക യന്ത്രസഹായത്തോടെ അവിടെ കയര്പിരിക്കലും തുടങ്ങി. യന്ത്രത്തിൽ ചുരുങ്ങിയ സമയത്തു കുടുതൽ കയർപിരിച്ചെടുക്കാമെന്നു തിരിച്ചറിഞ്ഞ കയർ മുതലാളിമാർ തമിഴ് നാട്ടിൽനിന്നു ചകിരിയോടൊപ്പം കയർ പിരിക്കാൻ യന്ത്രവും എത്തിച്ചു.
റാട്ടുപിരി കയറില്‍നിന്നു യന്ത്രനിര്‍മിത കയറിനെ വ്യത്യസ്തമാക്കുന്നത് കയറിന്റെ ഉള്ളില്‍കൂടി കടത്തിവിടുന്ന പ്ലാസ്റ്റിക് നാരാണ്. റാട്ടുപിരിക്ക് ഈ നാരിന്റെ ആവശ്യമില്ല. ചകിരി തുടര്‍ച്ചയായി പിരിഞ്ഞു യന്ത്രത്തിലേക്കു കയറാനാണ് ഈ പ്ലാസ്റ്റിക് നാര് ഉപയോഗിക്കുന്നത്. ഇത്തരം കയര്‍പിരിയന്ത്രങ്ങള്‍ വാങ്ങാന്‍ കയര്‍ഫെഡ് സബ്സിഡിയോടെ വായ്പയും നല്‍കുന്നുണ്ട്. ഇതോട റാട്ട് ആർക്കും വേണ്ടതായി. പുതിയ തലമുറയെ കാണിച്ചു കൊടുക്കാൻ പേരിനു പോലും നാട്ടിൻ പുറങ്ങളിലെ റാട്ട് പിരി ഉപകരണം ഇല്ലാത്ത അവസ്ഥയാണ്.