കാത്തിരിപ്പിനു വിരാമം; മാന്നാർ സബ്ട്രഷറി തുറന്നു
1298670
Wednesday, May 31, 2023 2:31 AM IST
മാന്നാർ: കാത്തിരിപ്പിനു വിരാമമിട്ട് മാന്നാർ സബ്ട്രഷറി തുറന്നു. ഏഴുവർഷമായി നടന്ന നിർമാ ണപ്രവർത്തനങ്ങൾക്കും പല തവണ മാറ്റിവച്ച ഉദ്ഘാടന കാത്തിരിപ്പിനും വിരാമം കുറിച്ച് മാന്നാർ സബ് ട്രഷറിയുടെ പുതിയ ബഹുനിലക്കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ സാന്നിധ്യം വഹിച്ചു. മാന്നാർ ബസ് സ്റ്റാൻഡിനു പുറകിലായി പഞ്ചായത്ത് നൽകിയ സ്ഥലത്താണ് സബ് ട്രഷറിക്കുള്ള ബഹുനിലകെട്ടിടം നിർമിച്ചിരിക്കുന്നത്. ഏഴുവർഷം കൊണ്ട് നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ആറുമാസത്തെ കാത്തിരിപ്പായിരുന്നു. കഴിഞ്ഞ ഏഴിന് തീരുമാനിച്ച ഉദ്ഘാടനം മന്ത്രിമാരുടെ അസൗകര്യത്താൽ ഇന്നലത്തേക്ക് നിശ്ചയിക്കുകയായിരുന്നു. ധന മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടകനായി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അടിയന്തര സാഹചര്യത്തിൽ അദ്ദേഹത്തിന് എത്താൻ കഴിയാതെ വന്നതോടെ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് അധ്യക്ഷത വഹിച്ചു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, ട്രഷറി ഡയറക്ടർ വി. സാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ, ജില്ലാപഞ്ചായത്തംഗം ആതിര.ജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
സാങ്കേതിക ക്രമീകരണങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ഒരാഴ്ചക്കുള്ളിൽ സബ് ട്രഷറി പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് ട്രഷറി ഡയറക്ടർ വി. സാജൻ മന്ത്രി സജി ചെറിയാന് ഉറപ്പു നൽകി.
മുൻനിരയിൽ ഇരിപ്പിടം കിട്ടാതെ ട്രഷറി ഡയറക്ടർ
മാന്നാർ: മാന്നാർ സബ് ട്രഷറിയുടെ ഉദ്ഘാടനച്ചടങ്ങിൽ ട്രഷറി ഡയറക്ടർക്കു മുൻനിരയിൽ ഇരിപ്പിടമില്ല. പിന്നെ മന്ത്രി ഇടപെട്ടതിനെത്തുടർന്ന് ട്രഷറി ഡയറക്ടർക്കു മുൻനിരയിൽ സീറ്റ് ലഭിച്ചു. മാന്നാർ സബ് ട്രഷറിയുടെ ഉദ്ഘാടന ചടങ്ങിലാണ് നാടകീയ രംഗങ്ങളിലൂടെ സീറ്റ് മാറൽ അരങ്ങേറിയത്.
മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിൽ സബ് ട്രഷറിയുടെ പ്രവർത്തനം ഒന്നിനു തുടങ്ങണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇതിനിടയിലാണ് ട്രഷറി ഡയറക്ടർ വി. സാജനെ അന്വേഷിച്ചത്.
മുൻനിരയിൽ കാണത്തതിനാൽ പിന്നിലേക്കു നോക്കിയപ്പോൾ ഏറ്റവും പിന്നിലായി ഇരുന്ന ഡയറക്ടറെ മന്ത്രി കണ്ടത്. മുൻനിര സീറ്റുകളെല്ലാം രാഷ്ട്രീയക്കാർ കൈയടക്കിയിരിക്കുകയായിരുന്നു. വീട്ടുകാർക്ക് സ്വന്തം വീട്ടിൽ സ്ഥാനമില്ലാത്ത പോലെയാണ് ട്രഷറി ഉദ്ഘാടനത്തിന് ഡയറക്ടർക്ക് സീറ്റ് ഇല്ലാത്ത അവസ്ഥയെന്ന് മന്ത്രി പരിഹസിക്കുകയും ചെയ്തു. മുൻനിരയിൽ ഒരു സീറ്റ് ഇട്ടു കൊടുക്കുവാൻ മന്ത്രി നിർദേശിക്കുകയും ചെയ്തു. പുതിയ കസേര മുൻനിരയിൽ ഇട്ടപ്പോഴേക്കും സി പിഎം ഏരിയാ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ എഴുന്നേറ്റ് സീറ്റ് ഡയറക്ടർക്കായി ഒഴിഞ്ഞുകൊടുത്ത് പ്രശ്നം പരിഹരിക്കുകയും ചെയ്തു.