പൂത്തുന്പികൾക്കായി ചുവരിൽ നിറക്കൂട്ടൊരുക്കി അധ്യാപകർ
1298669
Wednesday, May 31, 2023 2:31 AM IST
അമ്പലപ്പുഴ: പുത്തൻ ഉടുപ്പുമിട്ട് പൂത്തുന്പികളായി എത്തുന്ന കുട്ടികളെ നിറക്കൂട്ടൊരുക്കി കാത്തിരിക്കുകയാണ് ഇവിടെ ഒരു സംഘം അധ്യാപകർ. ചുവരിലെന്പാടും അധ്യാപകർ വരച്ച ചിത്രങ്ങൾ മനംകവരുന്നു. ചിത്രം വരയ്ക്കൽ മാത്രമല്ല, സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ചു സ്കൂൾ പെയിന്റ് ചെയ്തും മാതൃക കാട്ടുകയാണ് ഒരു കൂട്ടം അധ്യാപകർ.
106 വർഷം പഴക്കമുള്ള നന്ദാവനം സ്കൂൾ എന്നറിയപ്പെടുന്ന അമ്പലപ്പുഴ കുഞ്ഞൻ കുറുപ്പ് മെമ്മോറിയൽ എൽപി സ്കൂളിലെ അധ്യാപകരാണ് കുട്ടികൾക്കായി ബ്രഷ് കൈയിലെടുത്തത്.
രണ്ടു കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. മാനേജ്മെന്റ് സ്കൂൾ ആയതിനാൽ സർക്കാർ സഹായമൊന്നും ലഭിക്കാതെ വന്നതോടെയാണ് അധ്യാപകർ സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ചു സ്കൂൾ പെയിന്റ് ചെയ്തത്.
കഴിഞ്ഞ വർഷവും അധ്യാപകർത്തന്നെയാണ് സ്കൂൾ കെട്ടിടം പെയിന്റ് ചെയ്തു ചിത്രങ്ങൾ വരച്ചത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ 30 വിദ്യാർഥികളാണുള്ളത്. പ്രഥമാധ്യാപിക ശ്രീലതയും അധ്യാപകനായ സുരേഷും മാത്രമാണ് സ്ഥിര നിയമനക്കാർ. താത്കാലിക അധ്യാപകരായ ശാരു മോൾ, ചിന്നു സുരേന്ദ്രൻ, പ്രീത എന്നിവരും പെയിന്റിംഗ്, ചിത്ര രചനയിൽ പങ്കാളികളായി. പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളെയാണ് മഷിക്കൂട്ടിൽ നിറച്ച് അധ്യാപകർ ചുവരിൽ കോറിയത്.