മൂവർസംഘം പടിയിറങ്ങി, അങ്കണവാടി വിട്ട് ഇനി സ്കൂളിലേക്ക്...
1298668
Wednesday, May 31, 2023 2:31 AM IST
മുഹമ്മ: തടുത്തുവെളി 149-ാം നമ്പർ അങ്കണവാടിക്ക് നിറമുള്ള ഒരുപിടി ഓർമകൾ സമ്മാനിച്ച് മൂവർ സംഘം പടിയിറങ്ങി. ഇനിയുള്ള കാലം സ്നേഹത്തിന്റെ കൂടൊരുക്കുന്നത് കായിപ്പുറം ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ.
മുഹമ്മ തടുത്തുവെളി ഇന്ദിരാലയത്തിൽ നിതിഗിരിയുടെയും രഞ്ജിനിയുടെയും ദാമ്പത്യവല്ലരിയിൽ ഒരുമിച്ച് പിറന്ന മൂന്നു കുട്ടികളാണ് തടുത്തു വെളി 149-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോൽസവത്തിൽ താരങ്ങളായത്. അങ്കണവാടിയിലെ രണ്ട് വർഷത്തെ പഠനത്തിന് ശേഷം ആസാദ് മെമ്മോറിയൽ എൽപിഎ സിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ഒരുങ്ങുന്ന ആദേശ് നിതിഗിരി, ആരാധനാ നിതിഗിരി, അമീഷാ നിതിഗിരി എന്നിവർ ചേർന്നാണ് അങ്കണവാടിയിലെ പുതിയ പഠിതാക്കളെ വരവേറ്റത്. കുരുന്നുകളെ മാല ചാർത്തി, മധുരം നൽകി, വർണബലൂണുകൾ കൈമാറിയാണ് ഇവർ സ്വീകരിച്ചത്.
13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിതിഗിരിക്കും രഞ്ജിനിക്കും മൂന്നു കുട്ടികൾ ഒരുമിച്ച് പിറന്നത്. ഒരുമിച്ച് പിറന്ന വരെങ്കിലും മുതിർന്ന ആളെ പോലെയാണ് ആദേശ് നിതിഗിരി സഹോദരങ്ങളായ പെൺകുട്ടികളെ നോക്കുന്നതെന്ന് അധ്യാപിക സി. ഗിരിജ പറയുന്നു. കുട്ടികൾ മൂന്നു പേരും പഠനത്തിൽ ശ്രദ്ധയുള്ളവരും കാര്യങ്ങൾ പെട്ടന്ന് ഗ്രഹിക്കുന്നവരുമാണെന്ന് ഗിരിജ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, അങ്കണവാടി അധ്യാപിക സി.ഗിരിജ, ജീവനക്കാരി എ.ജി. ഉദയമ്മ, പഞ്ചായത്ത് സ്റ്റാഫ് അശോകൻ എന്നിവർ പ്രസംഗിച്ചു.