പാഠം ഒന്ന്, കുഴിയിൽ വീഴാതെ പോവണം!
1298664
Wednesday, May 31, 2023 2:22 AM IST
മങ്കൊമ്പ്: കാലവർഷവും പുതിയ അധ്യയന വർഷവും പടിവാതിൽക്കലെത്തിയിട്ടും നന്നാവാതെ കാവാലത്തെ റോഡുകൾ. പള്ളിക്കൂട്ടുമ്മ- നീലംപേരൂർ റോഡിന്റെ ഭാഗമായ കൈനടി-കാവാലം റോഡിന്റെ പലേടത്തും ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിലേക്കു നിരവധി കെഎസ്ആർടിസി ബസുകളാണ് ഇതുവഴി ദിവസേന സർവീസ് നടത്തുന്നത്. ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള നിരവധി സ്കൂൾ ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
വേനൽമഴ ആരംഭിച്ചതോടെ കുഴികളിൽ വെള്ളക്കെട്ടു രൂപപ്പെട്ട് അപകടങ്ങളും തുടർക്കഥയായി. ഇരുചക്ര വാഹനയാത്രികരുടെ കാര്യമാണ് ഏറെ കഷ്ടം. വലിയ വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ സമീപത്തുള്ള കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിലും മറ്റും ചെളിവെള്ളം പതിക്കുന്നു.
കാവാലം ബസ് സ്റ്റാൻഡിനു സമീപം, എസ്ബിഐ ജംഗ്ഷനു സമീപം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം അപകടാവസ്ഥിതിയുള്ളത്. നിരവധി വിദ്യാലയങ്ങൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ, വിവിധ സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം ആളുകൾക്കെത്താനുള്ള റോഡാണ് മാസങ്ങളായി തകർന്നു കിടക്കുന്നത്. ആലപ്പുഴ- കോട്ടയം റൂട്ടിലെ ഹ്രസ്വദൂര പാതയായതിനാൽ ജില്ലയ്ക്കു പുറമെനിന്നുള്ള നൂറുകണക്കിനു വാഹനങ്ങളും ദിവസേന ഇതുവഴി കടന്നുപോകുന്നുണ്ട്.
പറഞ്ഞുമടുത്തു
റോഡിന്റെ ശോചനീയാവസ്ഥ പലവട്ടം നാട്ടുകാർ പൊതുമരാമത്ത് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതു നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ എംഎൽഎയ്ക്കു സൂര്യയുവജന ക്ഷേമകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചെങ്കിലും മുൻകാല അനുഭവം പ്രതീക്ഷയ്ക്കു വക നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.