ചേര്‍ത്തല നഗരസഭ ഉപതെരഞ്ഞെടുപ്പ്:79.86 ശതമാനം പോളിംഗ്
1298659
Wednesday, May 31, 2023 2:22 AM IST
ചേര്‍ത്തല: നഗരസഭ 11-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 79.86 ശതമാനം പോളിംഗ്. ആകെയുള്ള 1301 വോട്ടില്‍ 1039 പേരാണ് വോട്ടുചെയ്തത്. 2020 ല്‍ ആകെ 953 വോട്ടുകളാണ് പോള്‍ ചെയ്തിരുന്നത്. ഇന്ന് രാവിലെ പത്തിന് നഗരസഭയില്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
എ. അജി (എല്‍ഡിഎഫ് സ്വതന്ത്രന്), അഡ്വ.പ്രേംകുമാര്‍ കാര്ത്തികേയന് (ബിജെപി), കെ.ആര് രൂപേഷ് (യുഡിഎഫ്) എന്നിവരാണ് മത്സര രംഗത്തുള്ളത്. ശനിയാഴ്ച രാത്രി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അരിവിതരണം ചെയ്തെന്ന പരാതിയുയര്‍ത്തി ബിജെപി പോലീസില്‍ പരാതി നല്‍കിയിരുന്നു.
രാത്രി ടിബി റോഡിനു സമീപം അരിയുമായി പോയ ഓട്ടോ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അരിയെത്തിച്ചതെന്നു കാട്ടിയായിരുന്നു തടഞ്ഞത്.
സംഭവത്തിന്റെ പേരില്‍ എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പോലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍, പ്രവര്‍ത്തകര്‍ക്കു ഭക്ഷണം നല്‍കാനെത്തിച്ച അരി തടഞ്ഞ് തെറ്റിദ്ധാരണ പരത്താനാണ് ഒരു വിഭാഗം ശ്രമിച്ചതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. അരി വിതരണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.