എന്തെങ്കിലും കിട്ടിയാൽ കാര്യങ്ങൾ സാധിച്ചുകൊടുക്കാമെന്ന സമീപനം അംഗീകരിക്കില്ല: മന്ത്രി പി. പ്രസാദ്
1298658
Wednesday, May 31, 2023 2:22 AM IST
ആലപ്പുഴ: എന്തെങ്കിലും കിട്ടിയാൽ മാത്രം കാര്യങ്ങൾ സാധിച്ചുകൊടുക്കാം എന്ന നിലപാട് ചിലർക്കുണ്ടെന്നും അത് സർക്കാർ അംഗീകരിക്കില്ലെന്നും കൃഷി മന്ത്രി പി. പ്രസാദ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ആലപ്പുഴ എസ്ഡിവി സെന്റിനറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമങ്ങൾക്കും ചട്ടങ്ങൾക്കും അകത്തുനിന്നുകൊണ്ട് മനുഷ്യൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ജനാധിപത്യ ഭരണക്രമത്തിൽ സിവിൽ സർവീസിന്റെയും എക്സിക്യൂട്ടീവിന്റെയും പ്രധാനപ്പെട്ട ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം നിറവേറ്റണം എന്നുള്ളതാണ് അദാലത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതാണ് ഗവൺമെന്റിന്റെ നിലപാട് എന്ന് പ്രഖ്യാപിക്കലും നിലപാടിനനുസരിച്ച് നീങ്ങണം എന്ന നിർദേശം നൽകലുമാണ് അദാലത്തിലൂടെ നൽകുന്നത്.
ഉദ്യോഗസ്ഥർ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകൾ സൃഷ്ടിച്ചുകൊണ്ട് വരികയല്ല മറിച്ച് പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന നിർദേശവുമായിട്ടാണ് ഓരോ പരാതിയുമായി ബന്ധപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു.
അദാലത്തിന്റെ ഭാഗമായി പരാതിയിൽ പരിഹാരം ലഭിച്ച കേൾവി പരിമിതിയുള്ളവർക്കുള്ള ശ്രവണ സഹായി വിതരണവും കാൻസർ രോഗിയായ സ്ത്രീക്കുള്ള മുൻഗണന റേഷൻ കാർഡ് വിതരണവും കിടപ്പിലായ ആലപ്പുഴ സ്വദേശിനിക്ക് അനുവദിച്ച വീൽ ചെയർ വിതരണവും മന്ത്രി നിർവഹിച്ചു.
പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, എച്ച്. സലാം എംഎൽഎ, നഗരസഭ അധ്യക്ഷ സൗമ്യരാജ്, ജില്ലാ കളക്ടർ ഹരിത വി. കുമാർ, സബ് കളക്ടർ സൂരജ് ഷാജി, എഡിഎം എസ്. സന്തോഷ് കുമാർ, നഗരസഭ അംഗം കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.