തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരേ എൻസിപിയിലെ എതിർവിഭാഗം
1298652
Wednesday, May 31, 2023 2:17 AM IST
ആലപ്പുഴ: ജില്ലാ പ്രസിഡന്റ് നിയമനത്തെച്ചൊല്ലി തർക്കം രൂക്ഷമായതിനെത്തുടർന്ന് തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരേ എൻസിപിയിലെ എതിർ വിഭാഗം. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദിന്റെ നിയമനത്തിനെതിരേ രംഗത്തു വന്നാൽ സംഘടനാ നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ച സാദത്ത് ഹമീദ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറിയെന്ന് തോമസ് കെ. തോമസ് കള്ളപ്രചാരണം നടത്തുകയാണെന്ന് നേതാക്കൾ പറഞ്ഞു. എൻസിപിയുടെ സംഘടനാരീതി അനുസരിച്ച് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് സംസ്ഥാന പ്രസിഡന്റാണ്. അഭിപ്രായങ്ങൾ കമ്മിറ്റിയിൽ ഉന്നയിക്കുന്നതിനുപകരം വെളിയിൽ പറഞ്ഞ എംഎൽഎയുടെ രീതി തുടർന്നാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും സാദത്ത് ഹമീദ് പറഞ്ഞു. നേതാക്കളായ അരുൺ പി. സാം, സമദ് താമരക്കുളം, ജോമി ചെറിയാൻ, ഷാജി കല്ലറക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.