അഞ്ചു വർഷവും നൂറുമേനി തിളക്കത്തിൽ; ബിജു സാർ ഇന്നു പടിയിറങ്ങും
1298649
Wednesday, May 31, 2023 2:17 AM IST
കായംകുളം: കാൽനൂറ്റാണ്ടു നീണ്ട അധ്യാപക സപര്യ കഴിഞ്ഞ് കറ്റാനം പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹെഡ്മാസ്റ്റർ ബിജു ടി. വർഗീസ് ഇന്നു പടിയിറങ്ങും. പ്രഥമാധ്യാപകനായിരുന്ന കഴിഞ്ഞ അഞ്ചു വർഷം നൂറുമേനി വിജയംകൊയ്യാൻ സ്കൂളിനായി. പോപ്പ് പയസ് സ്കൂളിലെ 1982ലെ എസ്എസ്എൽസി ബാച്ച് വിദ്യാർഥിയാണ്.
പഠിച്ചിറങ്ങിയ സ്കൂളിൽതന്നെ ഹെഡ് മാസ്റ്ററായി വിരമിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. അഞ്ചു വർഷവും മാവേലിക്കര വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനറായിരുന്നു. 2005- 2010 കാലഘട്ടത്തിൽ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തംഗമായും പ്രവർത്തിച്ചു. സ്കൂളിനു ഹരിതഭംഗി നൽകുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചു. ഇന്നു പുനർ മൂല്യനിർണയ ക്യാമ്പിൽനിന്നാണ് വിരമിക്കൽ. കുറത്തികാട് ഗവ.എൽപിഎസ് പ്രഥമ അധ്യാപിക സെലിൻ വർഗീസാണ് ഭാര്യ. ബിസിനസുകാരനായ സിബിൻ ടി. ബിജു, എറണാകുളത്തെ അയർലൻഡ് ബേസ്ഡ് കമ്പനി ഉദ്യോഗസ്ഥയായ ഡോ. സിജിൻ ടി. ബിജു എന്നിവരാണ് മക്കൾ.