ചേര്‍ത്തലയില്‍ ഗുണ്ടാവിളയാട്ടം ; എയര്ഗണില്നിന്നു വെടി
1298344
Monday, May 29, 2023 10:12 PM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗുണ്ടാവിളയാട്ടം. അക്രമണങ്ങളില്‍ ഒരാള്‍ക്ക് എയര്ഗണില്നിന്നുള്ള വെടിയേറ്റു. വിവിധയിടങ്ങളിലായി മൂന്നു വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി.
ഏതാനും വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 11 ഓടെ ദേശീയപാതയില്‍ ഒറ്റപ്പുന്ന കവലയ്ക്കു സമീപമാണ് അക്രമങ്ങളുടെ തുടക്കം. ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ അക്രമമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് വയലാറില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള അക്രമമുണ്ടായത്. മുതുകില്‍ വെടിയേറ്റ് പരിക്കേറ്റ വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗണേഷ് നികര്‍ത്ത് രഞ്ജിത്ത് (26) താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് നല്കുന്ന വിവരം.
ഇതേ ത്തുടര്‍ന്ന് ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് കളമ്പുക്കാട്ട് അജിത്തിന്റെ വീടിനുനേരേ അക്രമുണ്ടായി. വീടിനുള്ളില്‍ കയറിയ സംഘം വീട്ടുപകരണങ്ങളെല്ലാം തകര്‍ത്തു. മുറ്റത്തുകിടന്ന കാറിന്റെയും ടെമ്പോവാനിന്റെ യും ചില്ലുകള്‍ തകര്‍ത്തു. മുഹമ്മ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊട്ടയില്‍ ദീപു സി. ലാലിന്റെ വീടും തണ്ണീര്‍മുക്കം പഞ്ചായത്ത് കളത്തില്‍വീട്ടില്‍ പ്രജീഷിന്റെ വീടും അക്രമവിധേയമായി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. അക്രമികളെ കണ്ടെത്താന്‍ ചേര്‍ത്തല, മുഹമ്മ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞയിടെ നഗരത്തില്‍ ജിംനേഷ്യത്തിനുനേരെയുണ്ടായ സ്ഫോടക വസ്തു ഏറിന്റെ തുടര്‍ച്ചയായാണ് അക്രമങ്ങള്‍ ഉണ്ടായതെന്നാണ് കരുതുന്നത്.