കരപ്പുറം കാർഷിക കാഴ്ചകൾക്കു സമാപനം
1298343
Monday, May 29, 2023 10:12 PM IST
ചേര്‍ത്തല: കരപ്പുറത്തിന്റെ കാർഷിക പാരമ്പര്യത്തിന്റെയും പൈതൃകത്തെയും മുൻനിർത്തി കാർഷിക പ്രതാപം വീണ്ടെടുക്കുന്നതിനുള്ള നിരവധിയായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് കരപ്പുറം കാർഷിക കാഴ്ചകൾക്കു സമാപനമായി. സമാപനസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്കു കാർഷിക മേഖലയിലേക്കു കടന്നുവരുന്നതിനുള്ള പിന്തുണയും പിൻബലവും നൽകുന്നതിനാവശ്യമായ അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ് കൂട്ടി ച്ചേർത്തു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്റെ അധ്യക്ഷതയില്‍ ചേർന്ന കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപന സമ്മേളനത്തിൽ എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ആത്മ കരപ്പുറത്തിനു വേണ്ടി തയാറാക്കിയ "കരപ്പുറം ഹരിത പത്രിക"യുടെ പ്രകാശനം കാർഷിക ഉത്പാദന കമ്മീഷണർ ഡോ. ബി. അശോക് നിർവഹിച്ചു.
ചേർത്തല മണ്ഡലത്തിലെ മൂന്ന് കർഷക സംരംഭകർക്കായി തയാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ മന്ത്രി വിതരണം ചെയ്തു. 36.8 ലക്ഷം രൂപയുടെ ഡിപിആറുകൾക്ക് ബാങ്ക് ഓഫ് ബറോഡ വായ്പ നൽകാൻ തയാറായി. ഹരിപ്പാട് കൃഷിദർശന്റെ ഭാഗമായി തയ്യാറാക്കിയ ഡിപിആറുകളും വേദിയിൽ വിതരണം ചെയ്തു. ഇതോടൊപ്പം ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് പുതുതായതി വിപണിയിൽ ഇറക്കുന്ന തേനിന്റെ ലോഗോ പ്രകാശനവും ആദ്യ വില്പനയും നടത്തി. വേദിയിലുണ്ടായിരുന്ന മുതിർന്ന കർഷകൻ സി.ജി പ്രകാശൻ മായിത്തറയെ മന്ത്രി ആദരിച്ചു. ചേർത്തലയിലെ മികച്ച വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു. ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കർഷകരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം എൻ.എസ്. ശിവപ്രസാദ് സ്വാഗതവും പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ട് നീണ്ടിശേരി നന്ദിയും പറഞ്ഞു.