പത്രവിതരണക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം; ഡ്രൈവർ കസ്റ്റഡിയിൽ
1298339
Monday, May 29, 2023 10:12 PM IST
ഹരിപ്പാട്: വാഹനമിടിച്ച് പത്രവിതരണക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനവും ഡ്രൈവറെയും പോലീസ് കണ്ടെത്തി. ആലപ്പുഴ ഇരവുകാട് ജാസ്മിൻ മൻസിൽ അജ്മൽ (26) ആണ് പിടിയിലായത്. ഓടിച്ചിരുന്ന മാരുതി ഒമ്നി കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതയിൽ കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിൽ സമീപം വെള്ളിയാഴ്ച പുലർച്ചെ പത്രവിതരണത്തിനു പോയ കരുവാറ്റ രമ്യ ഭവനത്തിൽ രാജു (66) ആണ് വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുന്നതായി കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദേശാനുസരണം ഹരിപ്പാട് എസ്എച്ച്ഒ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് 200ൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആലപ്പുഴയിലെ വർക്ക് ഷോപ്പിൽനിന്ന് വാഹനം കണ്ടെത്തുകയായിരുന്നു.
പത്രത്തിന്റെ സപ്ലൈ ഏജന്റായ പ്രതി ഓച്ചിറയിൽ പത്രം കൊടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. സംഭവദിവസം രാത്രി ഹൈവേയിൽ ഓടിയ വാഹനങ്ങൾ പരിശോധിച്ചതിൽ ഇരുട്ടിൽ തെളിഞ്ഞ ഹെഡ് ലൈറ്റിന്റെ പ്രകാശമാണ് പോലീസിന് വാഹനം കണ്ടെത്താൻ സഹായിച്ചത്. സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സീനിയർ സിപിഒമാരായ അജയൻ, കിഷോർ, രേഖ സിപിഒമാരായ അരുൺ നിഷാദ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.