ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി; തൃശൂർ സ്വദേശിനി അറസ്റ്റിൽ
1298338
Monday, May 29, 2023 10:12 PM IST
ചാരുംമൂട്: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി (34) യെയാണ് കുറത്തികാട് പോലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. തെക്കേക്കര ചൂരല്ലൂർ സ്വദേശിനി നിഖിത അശോക് എന്ന യുവതിയിൽനിന്നു ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ് പി എം.കെ. ബിനുകുമാറിന്റെ നിർദേശ പ്രകാരം കുറത്തികാട് സി ഐ മോഹിത്, സബ് ഇൻസ്പെക്ടർമാരായ ബിജു വി. സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്. ടി.എസ്, രമ്യ, സാദിഖ് ലബ്ബ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തിവരികയാണെന്ന് കുറത്തികാട് പോലീസ് അറിയിച്ചു. അറസ്റ്റിലായ യുവതിക്കെതിരേ സമാന കുറ്റകൃത്യത്തിനു കരീലകുളങ്ങര പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.