ഇന്റർനെറ്റ് സംവിധാനമില്ല; വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളംതെറ്റി
1298312
Monday, May 29, 2023 9:44 PM IST
അമ്പലപ്പുഴ: ഇന്റർനെറ്റ് സംവിധാനമില്ല. വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി. പുറക്കാട് വില്ലേജ് ഓഫീസിലാണ് കഴിഞ്ഞ കുറേ നാളായി ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലാത്തത്. താലൂക്ക് ഓഫീസിൽനിന്നാണ് വില്ലേജിലേക്കാവശ്യമായ ഇന്റർനെറ്റിനുള്ള പണമടക്കുന്നത്.
എന്നാൽ, ഇതുവരെ ഈ പണമടയ്ക്കാതെ വന്നതോടെയാണ് വില്ലേജ് ഓഫീസ് പ്രവർത്തനം താറുമാറായത്. ഇതോടെ വില്ലേജ് ഓഫീസിൽ ഓരോ ആവശ്യത്തിനെത്തുന്ന നൂറുകണക്കിന് പേരാണ് വലയുന്നത്.
ഇപ്പോൾ എല്ലാ സർക്കാർ ഇടപാടുകളും അക്ഷയകേന്ദ്രങ്ങൾ മുഖേനെയാണ് നടത്തുന്നത്. അക്ഷയ കേന്ദ്രങ്ങളിൽനിന്ന് വില്ലേജ് ഓഫീസിലേക്ക് ഓൺലൈനായാണ് റിപ്പോർട്ട് തേടുന്നത്. വില്ലേജ് ഓഫീസിൽ ഇന്റർനെറ്റ് സംവിധാനമില്ലാതായതോടെ അക്ഷയകേന്ദ്രങ്ങളിൽ നൽകിയ നിരവധി അപേക്ഷകളിന്മേൽ തീർപ്പു കൽപ്പിക്കാതെ കിടക്കുകയാണ്.
റവന്യു സംബന്ധമായ നിരവധി സർട്ടിഫിക്കറ്റുകളും നൽകാൻ കഴിഞ്ഞിട്ടില്ല. വസ്തു സംബന്ധമായ ഇടപാടുകളും താളം തെറ്റിയിരിക്കുകയാണ്.
നിരവധിപേർ ഇതിനകം വലഞ്ഞിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റവന്യു അധിക്യതരുടെ നിലപാടിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.