ഇന്നുമുതൽ കയര്‍ സംഭരിക്കും: മന്ത്രി പി. രാജീവ്
1298309
Monday, May 29, 2023 9:44 PM IST
ആലപ്പുഴ: കയര്‍ഫെഡില്‍ കയര്‍ സംഭരണം ഇന്നുമുതല്‍ പുനരാരംഭിക്കുന്നതിനു നിര്‍ദേശം നല്‍കിയതായി മന്ത്രി പി. രാജീവ് അറിയിച്ചു. കയര്‍ഫെഡില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കയര്‍ വിറ്റഴിക്കാനാകാതെ സ്റ്റോക്ക് കൂടിയ സാഹചര്യത്തില്‍ വിദഗ്ധസമിതിയുടെയും സ്റ്റോക്ക് ക്ലിയറന്‍സ് കമ്മിറ്റിയുടെയും ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്റ്റോക്കുണ്ടായിരുന്ന കയര്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത വൈക്കം കയറിന് നിലവിലുള്ള 15 ശതമാനം ഡിസ്ക്കൗണ്ടില്നിന്നും 30 ശതമാനവും ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനില്‍ ഉത്പാദിപ്പിച്ച എഎസ്എം കയറിന് 25 ശതമാനവും പ്രത്യേക ഡിസ്ക്കൗണ്ടും അനുവദിച്ച് വിറ്റഴിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു.
സ്റ്റോക്ക് വിറ്റഴിക്കലിന്റെ ഭാഗമായി ഈ കാലയളവില്‍ സംഘങ്ങളില്‍നിന്നുള്ള കയര്‍ സംഭരണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
12174 ക്വിന്റല്‍ പരമ്പരാഗത വൈക്കം കയറും 2328 ക്വിന്റല്‍ എഎസ്എം കയറും ഉള്‍പ്പെടെ ആകെ 14502 ക്വിന്റല്‍ കയര്‍ സ്റ്റോക്ക് വിറ്റഴിക്കല്‍ പദ്ധതി പ്രകാരം ഇതുവരെ വില്‍പ്പന നടത്തിയിട്ടുണ്ട്.
കയര്‍ഫെഡ് ഡിസ്കൗണ്ട് നല്കി കയര്‍ വിറ്റഴിക്കുമ്പോഴുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിലവ്യതിയാന ഫണ്ടില്‍നിന്നും അനുവദിച്ചു നല്കുന്ന പ്രൈസ് ഫ്ളച്ചുവേഷന് ഫണ്ട് ക്ലയിം, സർവീസ് ചാര്‍ജ് എന്നീ ഇനങ്ങളിലായി കയര്‍ഫെഡിന് നല്‍കാനുണ്ടായിരുന്ന മൂന്നര കോടിയോളം രൂപ സര്‍ക്കാര്‍ ഇതിനകം അനുവദിച്ച് നല്കി. ഈ തുകയും കയര്‍ഫെഡിന്റെ തനത് ഫണ്ടും കൂടി ഉപയോഗിച്ച് സംഘങ്ങള്‍ക്ക് നല്‍കാനുള്ള കയര്‍ വില കുടിശിക കയര്‍ഫെഡ് ഇന്നു മുതല്‍ നല്കി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.