വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ല
1298307
Monday, May 29, 2023 9:44 PM IST
ചേർത്തല: ബാങ്ക് വായ്പ മുഴുവൻ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായാണ് വടക്കരപ്പള്ളി തൈക്കൽ ആറുകാട്ടിൽ വീട്ടിൽ മേരി ദാസ് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. തങ്കി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്നെടുത്ത 20,000 രൂപ വായ്പയ്ക്ക് 2019ൽ കടാശ്വാസം അനുവദിച്ചു ഉത്തരവായിരുന്നു. എന്നാൽ, വസ്തുവിന്റെ പ്രമാണവും ജാമ്യാരേഖയും ബാങ്ക് തിരികെ നൽകാത്ത അവസ്ഥയിലാണ് മേരി പരാതിയുമായി അദാലത്ത് വേദിയിലെത്തിയത്.
പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ 24 മണിക്കൂറിനകം ആധാരം തിരികെ നൽകാൻ ബാങ്ക് സെക്രട്ടറിക്ക് നിർദേശം നൽകി. രേഖകൾ തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സഹകരണ സംഘം ജോയിന്റ് സെക്രട്ടറിയോട് മന്ത്രി നിർദേശിച്ചു. ഇതോടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആധാരം ഉടൻ തിരികെ ലഭിക്കുമെന്ന സന്തോഷത്തിലാണ് മേരി അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.