ബുള്ളറ്റ് മോഷണം: പ്രതികൾ പിടിയിൽ
1298097
Sunday, May 28, 2023 11:03 PM IST
ആലപ്പുഴ: ബുള്ളറ്റ് മോട്ടോർ സൈക്കിൾ പതിവായി മോഷ്ടിക്കുന്ന അന്തർജില്ലാ സംഘം പിടിയിൽ. മാരാരിക്കുളം റെയിൽവേ സ്റ്റേഷനു മുൻവശത്തുവച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് മൂന്നു പ്രതികളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത. ഒന്നര ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ഈ മാസം 21 നാണ് മോഷണം പോയത്.
മാരാരിക്കുളം പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. പിടിയിലായ മൂവരും തിരുവനന്തപുരം സ്വദേശികളാണ്. ചവടമൂട് സൗദ് മൻസിൽ സൗദ് (24), സഹോദരൻ സബിത്ത് (19), കരമനയിൽ കാർത്തിക്ക് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിൽ പ്രതികൾ അന്തർജില്ലാ ബുള്ളറ്റ് മോഷണം പതിവാക്കിയവരാണെന്നും പോലീസ് പറഞ്ഞു. മാരാരിക്കുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കളിത്തട്ട് ഭാഗത്ത് ഒഎൽഎക്സ് ഓൺലൈൻ ആപ്പിലൂടെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിണ് ഇവർ മോഷണം നടത്തിവന്നത്. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽനിന്നുമാണ് ബുള്ളറ്റ് മോട്ടർ സൈക്കിൾ മോഷ്ടിക്കുന്നത്.
ബുള്ളറ്റുകളുടെ യാഥാർഥ ആർസി ഉടമസ്ഥരുടെ ഫോൺ നമ്പർ, പരിവാഹൻ ഓൺലൈൻ സൈറ്റിലുടെ, മൊബൈൽ ഫോൺ അപ്ഡേഷൻ നടത്തി മാറ്റിയും എൻജിൻ നമ്പരിലും ചെയ്സിസ് നമ്പരിലും മാറ്റങ്ങൾ വരുത്തി, ആർ.സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് ഒഎൽഎക്സിലൂടെ വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വീട്ടിൽനിന്നും വ്യാജമായി ആർസി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും ഡ്യൂപ്ലീക്കേറ്റ് താക്കോലുകളും കണ്ടെടുത്തു.
പ്രതികൾ എറണാകുളം മരട്, എറണാകുളം സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികൾ നിലവിൽ എട്ടോളം ബുള്ളറ്റുകൾ മോഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഇനിയും മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ ക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ സൗദ് നെയ്യാർ ഡാം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിലേയും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസെപ്കടർ ഇ.എം. സജീർ, എഎസ്ഐ യദേവ്, നിഷ, സിപിഒമാരായ സുരേഷ്, ബിനു. സജീഷ് എന്നീവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.