സമയത്തെച്ചൊല്ലി തർക്കം : ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
1297829
Sunday, May 28, 2023 2:12 AM IST
ചാരുംമൂട്: സമയത്തച്ചൊല്ലിയുണ്ടായ തർക്കത്തിൽ സ്വകാര്യബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട-ചാരുംമൂട് റൂട്ടിൽ ഓടുന്ന വൈഷ്ണവ് സ്വകാര്യബസിലെ ജീവനക്കാരനായ പെരിങ്ങനാട് പള്ളിക്കൽ പോത്തടി രാജീവം വീട്ടിൽ രാജീവിനെ(40) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പാലമേൽ എരുമക്കുഴി കാവുമ്പാട് കുറ്റി മുകളിൽ അജിത്ത് (31), പന്തളം മുടിയൂർക്കോണം കുളത്തിങ്കൽ അർജുൻ (24), പന്തളം പൂഴിക്കാട് ആക്കിനാട്ടേത്ത് ആനന്ദ് ശിവൻ (27) എന്നിവരെ നൂറനാട് സിഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഈ മാസം 22ന് ഉച്ചയ്ക്ക് ഒന്നിന് കെ.പി. റോഡിൽ കരിമുളയ്ക്കൽ പാലൂത്തറ പമ്പിനു മുന്നിലായിരുന്നു സംഭവം. രാവിലെ സർവീസ് കഴിഞ്ഞ് പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന ബസിൽ വിശ്രമിക്കുകയായിരുന്ന രാജീവിനെ ഇവർ ആക്രമിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാജീവിനെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കഴിഞ്ഞദിവസം അടൂരിൽനിന്നു നൂറനാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസും കസ്റ്റഡിയിലെടുത്തു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്ഐ നിധീഷ്, എഎസ്ഐ രാജേന്ദ്രൻ, സിപിഒ മാരായ അനി, കലേഷ്, വിഷ്ണു, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.