സുഹൃത്തിന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഐഡി ഉണ്ടാക്കി പണം തട്ടിയെടുത്തു
1297827
Sunday, May 28, 2023 2:12 AM IST
എടത്വ: വിദേശത്തുള്ള സുഹ്യത്തിന്റെ പേരിൽ വ്യജ ഫേസ്ബുക്ക് പ്രൊഫൈൽ ഐഡി ഉണ്ടാക്കി സ്റ്റുഡിയോ ഉടമയുടെ പണം തട്ടിയെടുത്തു. തലവടി സാഗർ സ്റ്റുഡിയോ ഉടമ സുനിൽ തണ്ണിവേലിയുടെ 44,001 രൂപയാണ് തട്ടിയെടുത്തത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് സുനിൽ തണ്ണിവേലിയുടെ സുഹൃത്തും സമീപവാസിയുമായ വിദേശത്തു ജോലി ചെയ്യുന്ന സുനിൽ എം. വർഗീസിന്റെ പേരിൽ ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നു. റിക്വസ്റ്റ് സ്വീകരിച്ച സുനിൽ തണ്ണിവേലിയുടെ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു സുനിൽ എം. വർഗീസിന്റെ കുടുംബ ഫോട്ടോ ഉൾപ്പെടെ വന്നുകൊണ്ടിരുന്നു. ഇതോടെ ഇരുവരും തമ്മിൽ നിരന്തരം ചാറ്റിംഗ് നടത്തി.
കഴിഞ്ഞ ദിവസം സുനിൽ തണ്ണിവേലിയുടെ ഫേസ്ബുക്കിൽ പണം ആവശ്യപ്പെട്ടു സന്ദേശം വന്നു. സുനിൽ എം. വർഗീസിന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കു ആശുപത്രി സംബന്ധമായി പണം ആവശ്യപ്പെട്ടാണ് സന്ദേശം വന്നത്. സന്ദേശത്തെത്തുടർന്ന് ഗൂഗിൾ അകൗണ്ട് നമ്പരും നൽകി. രണ്ടു പ്രാവശ്യം നൽകിയ അക്കൗണ്ടിലും പണം നിക്ഷേപിക്കാൻ കഴിയില്ലെന്നു സുനിൽ തണ്ണിവേലിൽ ഫേസ്ബുക്ക് ചാറ്റിംഗിലൂടെ അറിയിച്ചു.
മൂന്നാമത് വീണ്ടും ഗൂഗിൾ നമ്പർ നൽകി. ഈ നമ്പരിൽ സുനിൽ തണ്ണിവേലിൽ ആദ്യം ഒരു രൂപ കൈമാറി. പണം കിട്ടിയെന്ന് ഉറപ്പാക്കിയ ശേഷം പിന്നീട് 20,000 രൂപയും അതിനു ശേഷം 24000 രൂപയും അകൗണ്ടിൽ ഇട്ട് നൽകി. വീണ്ടും 16,000 രൂപ ആവശ്യപ്പെട്ടു ഫേസ്ബുക്കിൽ ചാറ്റിംഗ് മെസേജ് വന്നു. സുനിൽ തണ്ണിവേലിക്കു പണം ആവശ്യമാണെന്നു മറ്റ് സുഹ്യത്തുക്കൾക്കും ഫേസ്ബുക്ക് മെസേജ് വന്നതോടെ മറ്റുള്ളവർ കാരണം അന്വേഷിച്ചു സുനിൽ തണ്ണിവേലിയെ വിളിച്ചു. അപ്പോഴാണ് പണം നഷ്ടപ്പെട്ടതായി സംശയം തോന്നിയത്. തുടർന്ന് സുനിൽ എം. വർഗീസുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. സുനിൽ തണ്ണിവേലിൽ എടത്വ പോലീസിൽ പരാതി നൽകി.