പന്തക്കുസ്താ തിരുനാളും കരിസ്മാറ്റിക് ദിനാചരണവും
1297824
Sunday, May 28, 2023 2:12 AM IST
ആലപ്പുഴ: ആലപ്പുഴ കരിസ്മാറ്റിക് സോണിന്റെ നേതൃത്വത്തില്‍ പന്തക്കുസ്താ തിരുനാളും കരിസ്മാറ്റിക് ദിനാചരണവും നടത്തി. ആലപ്പുഴ സെന്റ് ആന്റണീസ് ബോയ്സ് ഹോമില്‍ നടന്ന ദിനാചരണം മാവേലിക്കര ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയതു. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടവസ്തുക്കളും ദൈവത്തെ സ്തുതിക്കുമ്പോള്‍ ദൈവത്തിന്റെ ഉത്തമ സൃഷ്ടിയായ മനുഷ്യന് മാത്രം ദൈവത്തെ വിസ്മരിക്കുന്നു. അതുകൊണ്ടാണ് ലോകത്തിലും രാഷ്ട്രത്തിലും കുടുംബത്തിലും അസ്വസ്ഥതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.
സസ്യങ്ങള്‍ പോലും അശുദ്ധമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ശുദ്ധീകരിച്ച് ഓക്സിജനായി പ്രപഞ്ചത്തിന് നല്കുമ്പോള് മനുഷ്യന് മാത്രം പ്രപഞ്ചത്തെയും സഹജീവികളെയും നശിപ്പിക്കുന്നു.
ദൈവത്തിലേക്കും മനുഷ്യനിലേക്കും പരിസ്ഥിതിയിലേക്കും തിരിയുക എന്നത് മാത്രമാണ് രക്ഷാ മാര്‍ഗമെന്നും ബിഷപ്പ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സോണല്‍ ആനിമേറ്റര്‍ ഫാ. പ്രശാന്ത് ഐഎംഎസ് അധ്യക്ഷത വഹിച്ചു.
സെന്റ് ആന്റണീസ് ബോയിസ് ഹോം ഡയറക്ടര്‍ ഫാ. തോബിയാസ്, അസി. ഡയറക്ടര്‍ ഫാ. ജസ് ലിന്, സോണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. പി.എല്‍. തോമസ്, ജോയിന്റ് സെക്രട്ടറി ഗിരീഷ് മൈക്കിള്‍, ഖജാന്‍ജി ജേക്കബ് വള്ളിക്കാടന്, ജോജിച്ചന്‍ സി. പൂണിയില്‍, തങ്കച്ചന് തെക്കേപാലയ്ക്കല്‍, സാലിമ്മ ജോണ്‍, ജോണ്സണ്, എ.എ റാഫേല്കുട്ടി, സിസ്റ്റര്‍ ജയ സീസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ശുശ്രൂഷകന് ഫ്രാന്‍സിസ് നിലമ്പൂര്‍ വചനപ്രഘോഷണം നടത്തി. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 300ലെറെ വിശ്വാസികള്‍ പ്രാര്ഥനായോഗത്തില് പങ്കെടുത്തു.