ശവക്കോട്ട, കൊമ്മാടിപ്പാലങ്ങൾ ജൂൺ ഒന്നിനു തുറക്കും
1297822
Sunday, May 28, 2023 2:12 AM IST
ആലപ്പുഴ: ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം എന്നിവ അധ്യയന വർഷാരംഭം പരിഗണിച്ച് ജൂൺ ഒന്നിനുതന്നെ തുറന്നുകൊടുക്കാൻ നിർവഹണ ഉദ്യോഗസ്ഥന് കളക്ടർ ഹരിത വി. കുമാർ നിർദേശം നൽകി. ജില്ലാ വികസനസമിതി യോഗത്തിലായിരുന്നു നിർദേശം.
അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചുള്ള പ്രവേശനോത്സവങ്ങൾക്ക് ആവശ്യമായ തയാറെടുപ്പുകൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കളക്ടർ നിർദേശം നൽകി.
ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്യുന്ന വികസന പ്രശ്നങ്ങൾക്കു സമയബന്ധിതമായി നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. കുട്ടനാട് കുടിവെള്ള പദ്ധതിയുടെ നിർവഹണ പുരോഗതി തോമസ് കെ. തോമസ് എംഎൽഎ വിലയിരുത്തി. ഗോവേന്ദ പാലം, ആയിരവേലി പാലം, സൊസൈറ്റി പാലം എന്നിവയുടെ നിർവഹണ പുരോഗതിയും എംഎൽഎ വിലയിരുത്തി. മഴക്കാല പൂർവ ശുചീകരണത്തിനായി ജലസേചന വകുപ്പ് കുട്ടനാടൻ പ്രദേശത്ത് സ്വീകരിച്ച നടപടികളും ചോദിച്ചറിഞ്ഞു.
അന്ധകാരനഴി ഷട്ടർ അടിയന്തരമായി തുറക്കണമെന്ന് ദലീമ ജോജോ എംഎൽഎ ആവശ്യപ്പെട്ടു. അരൂരിന്റെ തീരപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വരുന്ന മഴക്കാലം കൂടി പരിഗണിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഹരിപ്പാട് മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലം സംരക്ഷിക്കുന്നതിനും ചുറ്റുമതിലിന്റെ നിർമാണ പ്രവർത്തനത്തിനുമുള്ള നടപടി സ്വീകരിക്കണമെന്നും ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫീസർ സത്യപ്രകാശ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.