സ്കൂൾ കലോത്സവത്തിൽ മിന്നുന്ന സഹോദരങ്ങൾ എപ്ലസ് നിറവിൽ
1297817
Sunday, May 28, 2023 2:06 AM IST
പുന്നപ്ര: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നുന്ന വിജയം നേടിയ കലാകുടുംബത്തിലെ മക്കൾ മഹേശ്വറിനും മഹിമയ്ക്കും യഥാക്രമം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്. അറവുകാട് ഹൈസ്കൂൾ വിദ്യാർഥിയായ മഹേശ്വർ പഠനത്തിനിടയിലും പിതാവ് മധു പുന്നപ്രയോടൊപ്പം ഉത്സവ വേദികളിൽ സജീവമായി പ്രോഗ്രാമിന് പോകുമായിരുന്നു.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡോടെ വിജയിച്ച് പ്രശംസ നേടിയിരുന്നു. പഠനത്തോടൊപ്പം കലാപ്രവർത്തനവും മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ഫുൾ എ പ്ലസ് തിളക്കത്തിൽ നേട്ടം കൈവരിച്ചത്. മധുവിന്റെ സഹോദരൻ മനോജിന്റെ മകൾ മഹിമ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ മിമിക്രിയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയിരുന്നു. മികച്ച നാടൻപാട്ട് കലാകാരി കൂടിയാണ് മഹിമ. കുടുംബത്തിലേക്ക് കലാരംഗത്തെ പ്രശംസനീയ തിളക്കവും പഠനത്തിലെ ഫുൾ എ പ്ലസും കൊണ്ടുവന്ന സന്തോഷത്തിലാണ് കുടുംബം.