കരപ്പുറം കാർഷിക കാഴ്ചകൾ ഇന്നു സമാപിക്കും
1297814
Sunday, May 28, 2023 2:06 AM IST
ചേര്‍ത്തല: കരപ്പുറത്തിന്റെ കാർഷിക പെരുമ വാനോളം ഉയർത്തിയ കരപ്പുറം കാർഷിക കാഴ്ചകൾ ഇന്നു സമാപിക്കും. 19 മുതൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നടന്നുവരുന്ന കാർഷിക കാഴ്ചകൾ വൈവിധ്യമാർന്ന ഉള്ളടക്കം കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ചേർത്തലയുടെ ചരിത്ര കാഴ്ചകൾ, വിവിധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, നൂതന കാർഷിക സാങ്കേതിക വിദ്യകൾ പകർന്ന് നൽകിയ കൃഷി വകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും സ്റ്റാളുകൾ, കാർഷിക യന്ത്ര വത്കരണ പവലിയൻ, വിവിധ നഴ്സറികൾ, പ്രൈവറ്റ് സ്റ്റാളുകൾ, ഭക്ഷണശാലകൾ അങ്ങനെ നൂറിലധികം സ്റ്റാളുകൾ കരപ്പുറം കാർഷിക കാഴ്ചകളിൽ ഉണ്ടായിരുന്നു.
ഇരുപതിലധികം കാർഷിക സെമിനാറുകൾ, കർഷക സംരംഭകർക്ക് അവരുടെ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഡിപിആർ ക്ലിനിക്, 80 ലധികം കർഷകരുടെ കൃഷിയിടങ്ങളിൽ ഉദ്യോഗസ്ഥരുടെ സന്ദർശനം, 1.14 കോടി രൂപയുടെ കാർഷിക വ്യാപാരം കണ്ടെത്തിയ ബി2ബി മീറ്റ്, കർഷക പങ്കാളിത്തത്തിൽ സമ്പന്നമായ നിരവധി മത്സരങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാ സന്ധ്യകൾ തുടങ്ങി കരപ്പുറത്തിന്റെ കാർഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള നിരവധി പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു കരപ്പുറം കാർഷിക കാഴ്ചകൾ.
ഓരോ ദിവസവും നറുക്കെടുപ്പിലൂടെ നൽകിയ നിരവധി കാർഷിക യന്ത്രങ്ങൾ പ്രദർശനത്തിന്റെ ആകർഷണമായിരുന്നു. കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപന സമ്മേളനം ഇന്ന് വൈകുന്നേരം നാലിന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ വി.ജി മോഹനന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എംപി സമ്മാനദാനം നിര്‍വഹിക്കും.
ആത്മ ആലപ്പുഴ കരപ്പുറത്തിനു വേണ്ടി തയാറാക്കിയ "കരപ്പുറം ഹരിത പത്രിക"യുടെ പ്രകാശനം കാർഷിക ഉത്പാദന കമ്മീഷണർ ഡോ. ബി. അശോക് നിർവഹിക്കും. ഇതോടൊപ്പം ചേർത്തല വിഷൻ 2026 ന്റെ പ്രകാശനവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് പുതിയതായി വിപണിയിൽ ഇറക്കുന്ന തേനിന്റെ ലോഗോ പ്രകാശനവും ആദ്യ വില്പനയും നടക്കും. കൂടാതെ ചേർത്തലയിലെ മികച്ച വ്യക്തിത്വങ്ങളെ സമ്മേളനത്തിൽ ആദരിക്കും.