സംഭരിച്ച നെല്ലിന്റെ തുക വൈകുന്നതിനെതിരേ ചങ്ങനാശേരിയില്‍ കര്‍ഷകരുടെ പ്രതിഷേധം
1297549
Friday, May 26, 2023 11:12 PM IST
ചങ്ങനാശേരി: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ വൈകുന്നതിനെതിരേ ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധം ഇരമ്പി. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കാളികളായി. കണ്‍വീനര്‍ സന്തോഷ് പറമ്പിശേരിയുടെ അധ്യക്ഷതയില്‍ സമരസമിതി ചെയര്മാന് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. നെല്ലിന്റെ പണം അടിയന്തരമായി വിതരണം ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്‍വീനര്‍ പി.ആര്. സതീശന് മുഖ്യപ്രസംഗം നടത്തി. കോ-ഓര്‍ഡിനേറ്റര്‍ അനിയന്‍കുഞ്ഞ്, സാം ഈപ്പന്, ഷൈല കെ. ജോണ്‍, എസ്. രാജീവന്, ബാബു കുട്ടന്‍ചിറ, സോണി പുളിങ്കുന്ന്, അലക്സ് വാച്ചാപറമ്പില്‍, മാത്യു തോമസ്, സി.ടി. തോമസ്, പി.ആര്. രവീന്ദ്രന്, അനൂപ് പാലാത്ര, വി.കെ.വിജയന്, അഡ്വ. ചെറിയാന് ചാക്കോ, പ്രഫ.ജോസഫ് ടിറ്റോ, പ്രഫ. ജോജോ, ബിജോയ് പ്ലാത്താനം, ഇ.ആര്.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെല്ലിന്റെ വില ഉടന്‍ നല്‍കുക, കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുക, കിഴിവിന്റെ പേരിലുള്ള കൊള്ള അവസാനിപ്പിക്കുക, കൈകാര്യചെലവ് 250 രൂപയാക്കുക, വിളനാശ ഇന്‍ഷുറന്‍സ് തുക, മടവീഴ്ചയുടെ നഷ്ടപരിഹാരത്തുക എന്നിവ ഉടന്‍ നല്‍കുക, പമ്പിംഗ് സബ്സിഡി, പ്രൊഡക്ഷന്‍ ബോണസ് കുടിശിക ഉടന്‍ നല്‍കുക, പുറംബണ്ടുകള്‍ ബലപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ സൂചകമായി വിവിധ പാടശേഖരങ്ങളില്‍നിന്നു ഭിക്ഷയെടുത്ത തുക സിവില്‍ സപ്ലൈസ് മന്ത്രിക്കു കൈമാറുന്നതിനായി പാഡി ഓഫീസറെ ഇന്ന് ഏല്പിക്കുമെന്ന് വി.ജെ. ലാലി പറഞ്ഞു. നാളെ മുതല്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.