മാര്‍ കുര്യാളശേരി സഭയെ ധീരമായി നയിച്ച മഹദ്വ്യക്തി: മാര്‍ പെരുന്തോട്ടം
1297545
Friday, May 26, 2023 11:12 PM IST
ചങ്ങനാശേരി: നമ്മുടെ സഭാവിശ്വാസത്തില്‍ ചരിത്രപരമായ അടിത്തറ ഉണ്ടാവണമെന്നും നിര്‍ണായകമായ കാലഘട്ടത്തില്‍ സഭയെ ധീരമായി നയിച്ച മഹദ് വ്യക്തിയായിരുന്നു മാര്‍ തോമസ് കുര്യാളശേരിയെന്നും ആര്‍ച്ച്ബിഷ് മാര്‍ ജോസഫ് പെരുന്തോട്ടം. ആരാധനാ സന്യാസിനിസമൂഹ സ്ഥാപകനും ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാംമത് ചരമവാര്‍ഷികാചരണത്തിനു തുടക്കംകുറിച്ച് മാര്‍ തോമസ് കുര്യാളശേരി 122 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച റോമായാത്രയെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. സഭാവിശ്വാസികള്‍ ചരിത്രത്തില്‍ അവബോധം നേടണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. റോമായാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിക്ക് നല്കി മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേകണ്ടത്തില്‍, സാഹിത്യ അക്കാദമി അംഗം ഡോ. കുര്യാക്കോസ് കുമ്പളക്കുഴി, റോമായാത്ര നവീന പതിപ്പിന്റെ എഡിറ്റര്‍ ഡോ. സിസ്റ്റര്‍ തെരേസാ നടുപ്പടവില്‍ തുടങ്ങിയവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് മോഡറേറ്ററായിരിന്നു. എസ്എബിഎസ് വികര് ജനറാള്‍ ഡോ. സിസ്റ്റര്‍ മേഴ്സി നെടുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, സിസ്റ്റര്‍ ലിസി ജോസ് വടക്കേചിറയത്ത്, ഡോ. ഡോമനിക് ജോസഫ്, സൈബി അക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാറേല്പള്ളിയില്നിന്നു കത്തീഡ്രല്‍ പള്ളിയിലെ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ കബറിടത്തിലേക്ക് ആരാധനാ സന്യാസി സമൂഹത്തിന്റെയും ചെറുപുഷ്പം മിഷന്‍ലീഗിന്റെയും നേതൃത്വത്തില്‍ തീര്‍ഥാടനം നടന്നു.