രാഷ്ട്രീയ പ്രബുദ്ധതയുള്ള സമുദായത്തെ വളർത്തിയെടുക്കാൻ ആലപ്പുഴ രൂപത
1297543
Friday, May 26, 2023 11:12 PM IST
ആലപ്പുഴ: രാഷ്ട്രീയ പ്രബുദ്ധതയുള്ള സമുദായത്തെ വളർത്തിയെടുക്കാൻ ആലപ്പുഴ രൂപത രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനം. ഇതിന് രാഷ്ട്രീയ പഠനങ്ങളും ബോധവത്കരണവും നടത്തും. കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സംവിധാനമായ രാഷ്ട്രീയകാര്യ സമിതി ആലപ്പുഴ രൂപതയിൽ തെരഞ്ഞെടുത്ത ശേഷം നടന്ന പ്രഥമ യോഗത്തിന്റെതാണ് തീരുമാനം.
മതമില്ലാത്ത മതേതരത്വം പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം പരിശ്രമിക്കുന്നു. ഇത് മതേരത്വത്തെ ഇല്ലായ്മ ചെയ്യാനാണ്. തീരനിയന്ത്രണ വിജ്ഞാപനം, ബീച്ച് ടൂറിസം, ബ്ലൂ ഇക്കോണമി തുടങ്ങിയവ ഏതെല്ലാം നിലയിൽ തീരജനതയെ ദോഷമായി ബാധിക്കും എന്നതിനെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ ബോധവത്കരണം നടത്തും.
രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. സേവ്യർ കൂടിയാശരി, കൺവീനർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. ഫ്രാൻസിസ് കൊടിയനാട്, ഫാ. തോമസ് മാണിയാപൊഴിയിൽ, ക്ലീറ്റസ് കളത്തിൽ, പി.ജി. ജോൺ ബ്രിട്ടോ, സന്തോഷ് കൊടിയനാട്, പി.സി. ആലീസ്, പോൾ ആന്റണി, റോണി ജോസഫ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.