മന്ത്രിമാരുടെ അദാലത്തിന് തിങ്കളാഴ്ച തുടക്കമാകും
1297541
Friday, May 26, 2023 11:12 PM IST
ആലപ്പുഴ: ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ചു മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും തിങ്കളാഴ്ച ആരംഭിക്കും. മന്ത്രി സജി ചെറിയാൻ, മന്ത്രി പി. പ്രസാദ് എന്നിവർ അദാലത്തിൽ നേരിട്ടു പരാതികൾ സ്വീകരിക്കും. എംപിമാർ, എംഎൽഎമാർ, ജില്ല കളക്ടർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവരും അദാലത്തിൽ പങ്കെടുക്കും.
എട്ടു മുതൽ
അദാലത്ത് ദിവസം രാവിലെ എട്ടു മുതൽ പൊതുജനങ്ങൾക്കു പരാതികൾ നൽകാം. രാവിലെ 10 മുതലാണ് അദാലത്ത് ആരംഭിക്കുക. ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അപേക്ഷ എഴുതി നൽകുന്നതുൾപ്പെടെയുള്ള സഹായം ഉദ്യോഗസ്ഥർ ചെയ്തു നൽകും.
പരാതി സ്വീകരിക്കാൻ മാത്രമായിമൂന്നു കൗണ്ടറുകളുണ്ടാകും. നേരത്തെ അപേക്ഷ നൽകിയവർക്കായി പ്രത്യേകം കൗണ്ടറും ഉണ്ടാകും. പൊതുജനങ്ങൾക്കായി കുടിവെള്ളം, ചായ, ലഘു ഭക്ഷണമടങ്ങിയ സ്നാക്സ് ബോക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഊഴം കാത്തു നിൽക്കാതെ പരാതി നൽകാം. താത്കാലിക ചികിത്സ സൗകര്യവും അദാലത്തിനു ശേഷം വേദിയും പരിസരവും ശുചിയാക്കാൻ ഉദ്യോഗസ്ഥർ, കോളജ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
അദാലത്തുകൾ വേദികൾ
29ന് ചേർത്തല താലൂക്ക് (ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്), 30ന് അമ്പലപ്പുഴ (എസ്ഡിവി. സെന്റിനറി ഹാൾ), ജൂൺ രണ്ടിന് കാർത്തികപ്പള്ളി (ടികെഎംഎം കോളജ് ഓഡിറ്റോറിയം, നങ്ങ്യാർകുളങ്ങര), മൂന്നിന് മാവേലിക്കര (ബിഷപ് ഹോഡ്ജ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം), നാലിന് ചെങ്ങന്നൂർ (ഐഎച്ച്ആർഡി. എഞ്ചിനിയറിംഗ് കോളജ്), ഏഴിന് കുട്ടനാട് (റൈസ് റിസർച്ച് സെന്റർ മങ്കൊമ്പ്) എന്നിങ്ങനെ വേദികളിലാണ് അദാലത്ത് നടക്കുക. നേരിട്ടുള്ള പരാതികളിൽ സമയ ബന്ധിതമായി തീർപ്പുകൽപ്പിക്കാൻ പ്രത്യേക സെൽ നിലവിൽ വരും.