തകർന്നടിഞ്ഞ് റോഡും വഴികളും; പ്രതിസന്ധിയിലായി കർഷകർ
1282125
Wednesday, March 29, 2023 10:31 PM IST
മാന്നാർ: റോഡിന്റെ ശോച്യാവസ്ഥ കാരണം കർഷകർ നട്ടം തിരിയുന്നു. കൊയ്തെടുക്കുന്ന നെല്ലുകൾ കരയ്ക്കെത്തിക്കണമെങ്കിൽ ഏറെ പ്രയാസം നേരിടേണ്ടിവരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുവരാത്തതുമൂലം രണ്ടു വർഷമായി ഏറെ കഷ്ടതയനുഭവിക്കുന്ന കർഷകർ ഇത്തവണയും നെല്ല് സംഭരണത്തിന്റെ ഭാരിച്ച ബാധ്യതയിൽ നട്ടംതിരിയും.
അപ്പർകുട്ടനാട് മേഖലയിൽ ഉൾപ്പെട്ട മാന്നാർ പഞ്ചായത്ത് പടിഞ്ഞാറൻ മേഖലയിലെ ഒന്നാം വാർഡിലുൾപ്പെട്ട കുടവള്ളാരി എ, ബി ബ്ലോക്ക്, ചെന്നിത്തല പഞ്ചായത്തിലെ നേന്ത്രവേലി പതിനാലാം ബ്ലോക്ക് എന്നീ പാടശേഖരങ്ങളിലായി 650 ഏക്കറോളം കൃഷി ചെയ്യുന്ന കർഷകരാണ് റോഡ് മോശമായതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്.
കൃഷി ആവശ്യത്തിനായി വാഹനങ്ങൾ വന്നുപോകുന്നതിനായി രണ്ടു പതിറ്റാണ്ടിനു മുമ്പ് നിർമിച്ച എ, ബി ബ്ലോക്ക് ഭാഗത്തിലൂടെ കടന്നുപോകുന്ന ട്രാക്ടർ റോഡിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ഗ്രാവൽ വിരിച്ച റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കൊയ്ത്ത് സമയത്ത് സപ്ലെകോയുടെ വലിയ വാഹനങ്ങൾ ഈ റോഡിലൂടെയെത്തിയാണ് നെല്ല് സംഭരിച്ചിരുന്നത്.
എന്നാൽ, രണ്ടു വർഷമായി കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിൽ കർഷകർ നെല്ല് ചെറുവണ്ടികളിൽ കയറ്റി ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിൽ എത്തിച്ച് വലിയ വണ്ടികളിൽ കയറ്റി കൊടുക്കേണ്ട സാഹചര്യമാണുള്ളത്.
ഇതിലൂടെ കയറ്റിയിറക്ക് കൂലി ഇനത്തിൽ കനത്ത ബാധ്യതയാണ് കർഷകർക്കുണ്ടാകുന്നത്. പാടത്തുണ്ടായിരുന്ന വരികളും കവടകളും മൂലം ഇപ്പോൾത്തന്നെ പ്രതിസന്ധിയിൽ അകപ്പെട്ട കർഷകർ റോഡിന്റെയും വഴിയുടെയും ശോച്യാവസ്ഥയിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്.
ഇതിനു പരിഹാരമായി താത്കാലികമായിട്ടെങ്കിലും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ ജില്ലാ കളക്ടർക്ക് നേരിട്ട് നൽകിയ പരാതി അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മാന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണ്. നടപടിയുണ്ടായില്ലെങ്കിൽ മന്ത്രി സജി ചെറിയാനും കൃഷി മന്ത്രിക്കും നേരിട്ട് പരാതി നൽകാനാണ് കർഷകരുടെ തീരുമാനം.