ആപ്പിലൂടെ പരാതി പരിഹരിച്ച് ഹരിപ്പാട് നഗരസഭ ഹൈടെക്കായി
1279985
Wednesday, March 22, 2023 10:55 PM IST
ഹരിപ്പാട്: ഹരിത മിത്രം ആപ്ലിക്കേഷനിലൂടെ മാലിന്യം കത്തിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി ഉടൻതന്നെ പ്രശ്നത്തിനു പരിഹാരം കണ്ട് നഗരസഭ. ഹരിപ്പാട് നഗരസഭയിലെ 6-ാം വാർഡിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്യുന്നത് നഗരസഭയിൽ നടപ്പാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മുഖേന പ്രദേശവാസി പരാതിപ്പെട്ടതിനെത്തുടർന്നാണ് പരിഹാരമായത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിവേകിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം മാലിന്യം തള്ളിയ സ്ഥലം സന്ദർശിക്കുകയും വലിച്ചെറിയപ്പെട്ട മാലിന്യം നീക്കുകയും തുടർന്ന് പ്രദേശത്ത് മാലിന്യം തള്ളുന്നതും കത്തിക്കുന്നതും തടയുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
ഇത്തരത്തിൽ നഗരസഭയിലെ മാലിന്യം തള്ളപ്പെടുന്ന ചെറുതും വലുതുമായ എല്ലാ സ്ഥലങ്ങളും കണ്ടെത്തി പരിഹരിക്കാനും സമ്പൂർണ മാലിന്യമുക്ത നഗരസഭയായി മാറാനുള്ള ശ്രമത്തിൽ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും നഗരസഭയിൽ നടപ്പാക്കിയ ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷന്റെ സാധ്യതകൾ ഇതിനായി എല്ലാരും ഉപയോഗപ്പെടുത്തും.
ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ നഗരസഭയാണ് ഹരിപ്പാട്. മാലിന്യ പരിപാലനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് മാലിന്യം വലിച്ചെറിയുന്നതോ കത്തിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അത് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്താനും പുരോഗതി വിലയിരുത്താനും അവസരം ഉണ്ട്.
നൽകുന്ന പരാതിയുടെ ചിത്രവും ഗൂഗിൾ ലൊക്കേഷനും പരാതിയിൽ ഉൾപ്പെടെ സമർപ്പിക്കപ്പെടും.