പകൽ ചികിത്സ; രാത്രി അഴിഞ്ഞാട്ടം!
1226006
Thursday, September 29, 2022 10:38 PM IST
മാന്നാർ: ബുധനൂർ പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഇടനാഴി ഗേറ്റ് ചാടിക്കടന്നാണ് സാമൂഹ്യവിരുദ്ധര്‍ ഉളളില്‍ കടക്കുന്നത്. രാത്രിയില്‍ ഇവര്‍ ആശുപത്രിക്കുള്ളില്‍ കടന്നു സിറിഞ്ചും മരുന്നും പണവും മറ്റും അപഹരിച്ചുകൊണ്ടു പോകുന്നതായും പരാതിയുണ്ട്. മയക്കുമരുന്നു സംഘമാണ് രാത്രിയില്‍ ആശുപത്രിക്കുളളില്‍ കയറി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ആരോപണം.
ആർക്കും കയറാം
ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിലെ അപാകതയാണ് സാമൂഹ്യ വിരുദ്ധര്‍ക്ക് ഉള്ളിൽ കടക്കാൻ സൗകര്യമാകുന്നത്. കെട്ടിടത്തിന്റെ കിഴക്കു ഭാഗത്ത് ഏഴടിയോളം ഉയരത്തില്‍ കനം കുറഞ്ഞ ഇരുമ്പുപട്ടകൊണ്ട് ഗേറ്റ് ഉണ്ട്. ഈ ഗേറ്റിന്റെ നിര്‍മിതി ഏണിപോലെ ചവിട്ടിക്കയറാനുളള സൗകര്യത്തിലാണ്. ഇതിൽ ചവിട്ടിയാണ് ലഹരിസംഘം കെട്ടിടത്തിനുള്ളിൽ കടക്കുന്നത്. നേരത്തെ ആശുപത്രിക്കു മുമ്പിലുണ്ടായിരുന്ന ഗ്രില്ല് കെട്ടിടം പരിഷ്കരിച്ചപ്പോള്‍ എടുത്തു കളഞ്ഞത് അകത്തേക്കു പ്രവേശിക്കാന്‍ കൂടുതൽ സൗകര്യമായി.
സിറിഞ്ചുകൾ
മോഷ്ടിച്ചു
അടുത്തകാലത്തായി രാത്രിയില്‍ സ്ഥിരമായി ആശുപത്രിക്കുളളില്‍ ലൈറ്റ് കത്തിക്കിടക്കുന്നതു നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ആശുപത്രി അധികൃരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നതാകാമെന്നു പറഞ്ഞതിനാൽ ആരും കാര്യമാക്കിയില്ല.
എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് ആശുപത്രിക്കുള്ളില്‍ നാശനഷ്ടങ്ങൾ കണ്ടതോടെയാണ് രാത്രിയിൽ ചിലർ അതിക്രമിച്ചു കയറുന്നതായി മനസിലായത്. ആശുപത്രിയിലെ ഫയര്‍ എക്സ്റ്റിഗുഷര് താഴെയിട്ടു നശിപ്പിച്ചു. കൂടാതെ മുകളിലുളള ഓഫീസ് മുറി താക്കോലിട്ടു തുറന്നതായി കാണപ്പെട്ടു.
ബെഞ്ചില്‍ ബെഡ്ഷീറ്റ് ഇട്ടു കിടന്നതിന്റെ ലക്ഷണങ്ങളും കാണ്ടു. നഴ്സിംഗ് അസിസ്റ്റന്റിന്റെ മുറിയിലെ മേശവലിപ്പില്‍ വച്ചിരുന്ന താക്കോൽ എടുത്താണ് മുകളിലത്തെ മുറി തുറന്നത്. കൂടാതെ ഇവിടെനിന്നു സിറിഞ്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
പണവും കവർന്നു
പലതവണയായി ഒപി ടിക്കറ്റ് ഇനത്തില്‍ കിട്ടിയ 4,500 ഓളം രൂപ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍, ജീവനക്കാര്‍ സ്വന്തം പണം ആശുപത്രിയിലടച്ചു വിവാദമൊഴിവാക്കി. ആശുപത്രിയിലെ കംപ്യൂട്ടര്‍ അതിക്രമിച്ചു കയറിയവർ ഉപയോഗിക്കുന്നതായും അധികൃതര്‍ക്കു സംശയമുണ്ട്. നഴ്സിംഗ് റൂമില്‍ സിറിഞ്ച് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതായി കണ്ടിരുന്നു.
ഇവിടെ പ്രമേഹരോഗികള്‍ക്കു പെട്ടെന്നു ഡ്രിപ്പ് ഇടാനുളള രണ്ടോ മൂന്നോ ബോട്ടില്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. അകത്തു കയറുന്ന സംഘം മരുന്നുകളിൽ മയക്കുമരുന്ന് കൂട്ടിക്കലർത്താനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ ഭയക്കുന്നത്. എണ്ണയ്ക്കാട് മേഖലയില്‍ മയക്കുമരുന്ന് മാഫിയ സജീവമാണെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.
ആശുപത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ സംബന്ധിച്ചു മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ പോലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ, പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിനാൽ കേസ് ഒതുക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.