ക്ലിന്റ് സ്മാരക ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബർ ഏഴിനു പത്തനംതിട്ടയിൽ
1482387
Wednesday, November 27, 2024 4:43 AM IST
പത്തനംതിട്ട: ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബർ ഏഴിനു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു .
രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും.
ജനറല്‍ ഗ്രൂപ്പില്‍ പച്ച (5-8), വെള്ള (9-12) നീല (13-16) പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (5-10) ചുവപ്പ് (11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരം. പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാലു ഉപ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം.
രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരം തല്‍സ്ഥലത്തു വച്ചായിരിക്കും. മത്സര വിഷയങ്ങൾ തൽസമയത്ത് നൽകും. ഒരു സ്കൂളില്‍നിന്ന് എത്ര കുട്ടികള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ വരയ്ക്കുന്നതിന് പേപ്പറുകള്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കുന്നതാണ്.
വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാർഥികള്‍ കൊണ്ടുവരേണ്ടതാണ്. ജലഛായം, എണ്ണഛായം, പെന്‍സില്‍ ഇത്യാദി മാധ്യമങ്ങള്‍ വരയ്ക്കായി ഉപയോഗിക്കാവുന്നതാണ്. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തിൽ ഉൾപ്പെടുത്തും.
ഇതില്‍ നിന്നായിരിക്കും സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ അധികൃതരുടെ സാക്ഷിപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏഴിനു രാവിലെ മത്സരസ്ഥലത്ത് എത്തിച്ചേരണം.