നാടു കയറി കാട്ടാന; പൊതുനിരത്തുകളിലും ഭീഷണി
1482323
Tuesday, November 26, 2024 8:15 AM IST
പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖല കാട്ടാനകളുടെ നിരന്തര ഭീഷണിയില്‍. മുന്‍പൊക്കെ വനാതിര്ത്തികളിലായിരുന്നു ഇവയുടെ ശല്യമെങ്കില്‍ ഇന്നിപ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് ഇതു വ്യാപിച്ചിരിക്കുന്നു. പമ്പ റൂട്ടില്‍ വാഹനത്തിരക്ക് ഏറിയതോടെ ഈ ഭാഗത്തുള്ള കാട്ടാനകളും ജനവാസമേഖലകളിലേക്ക് കടന്നു കയറുന്നതായാണ് സൂചന.
പമ്പ, ചാലക്കയം, നിലയ്ക്കല്‍, പ്ലാപ്പള്ളി മേഖലയിലെ കാട്ടാനകള്‍കൂടി മണിയാര്‍, ചിറ്റാര്‍, തണ്ണിത്തോട് ഭാഗങ്ങളിലേക്കും പെരുനാട് ഭാഗങ്ങളിലേക്കും കടന്നതോടെ ജനവാസ മേഖലയില്‍ ശല്യം ഏറുകയാണ്.
കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തു പ്രദേശങ്ങളിലും റാന്നിയിലെ വടശേരിക്കര, പെരുനാട്, വെച്ചൂച്ചിറ പഞ്ചായത്ത് പ്രദേശങ്ങളിലും ആനയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും മതിലുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശമുണ്ടാക്കുകയും ചെയ്യുന്ന ആനക്കൂട്ടത്തിന്റെ നിരന്തരമായ ഭീഷണികാരണം കൃഷിയിടങ്ങളും വാസസ്ഥലങ്ങളും ഒഴിയാന്‍ നിര്‍ബന്ധിതരാകുകയാണ് പ്രദേശവാസികള്‍.
മുന്‍പ് വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ അപൂര്‍വമായിട്ടാണ് കാട്ടാനകള്‍ എത്തിയിരുന്നത്. ഇന്നിപ്പോള്‍ വനമേഖലയും കടന്ന് ജനവാസ മേഖലകളില്‍ ഇവ നിത്യസന്ദര്‍ശകരാണ്. വനാതിര്ത്തികളില്നിന്നു കിലോമീറ്ററുകള്ക്കപ്പുറംവരെ സഞ്ചാരപഥമുണ്ട്. വടശേരിക്കര - ചിറ്റാര്‍ പാതയില്‍ ആനയുടെ സ്ഥിരസാന്നിധ്യമുണ്ട്.
സന്ധ്യ മയങ്ങിയാല്‍ ഈ റൂട്ടിലൂടെ യാത്ര ബുദ്ധിമുട്ടിലാണ്. മണിയാര്‍, ചിറ്റാര്‍ ഭാഗങ്ങളില്‍ ആനയെ റോഡില്‍ കണ്ടുവരുന്നുണ്ട്. ചിറ്റാര്‍ അള്ളുങ്കല്‍ ഭാഗത്ത് കക്കാട്ടാറ് മുറിച്ചു കടന്ന് എല്ലാ ദിവസവും എത്തുന്ന രണ്ടു കൊമ്പനാനകള്‍ നേരം പുലര്‍ന്നശേഷമാണ് റോഡ് മുറിച്ചു കടന്ന് മറുകരയിലേക്ക് പോകുന്നത്.മണിയാറില്‍ കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു.
റാന്നിയുടെ കിഴക്കന്‍ മേഖലയില്‍ നിരന്തരശല്യം
റാന്നി താലൂക്കിലെ കുരുന്പന്മൂഴി, അരയഞ്ഞാലിമണ്‍, ഒളികല്ല്, കുന്പളത്താമണ്, മണിയാര്‍ പദേശങ്ങളില് മാസങ്ങളായി കാട്ടാനയുടെ ശല്യം തുടരുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ വന്‍ കൃഷിനാശമാണ് ഈ പ്രദേശങ്ങളില്‍ ആന വരുത്തിവച്ചത്. വാഴ, റബര്‍, തെങ്ങ്, കമുക്, ജാതി, കപ്പ, പ്ലാവ് തുടങ്ങിയവയെല്ലാം വിവിധ കൃഷിയിടങ്ങളിലായി നശിപ്പിച്ചു.
ജിലയുടെ കിഴക്കന്‍ മേഖലയില്‍ കാട്ടാനയുടെ ശല്യം കാരണം കൃഷിനാശമുണ്ടായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം പല മേഖലകളിലുമുണ്ട്.
ഊരാംപാറയില്‍ കൃഷിയിടം നശിപ്പിച്ചു
ചിറ്റാര്‍ ഊരാംപാറയില്‍ സ്ഥിരമായി ഇറങ്ങുന്ന രണ്ടു കൊമ്പനാനകള്‍ കഴിഞ്ഞദിവസം ഫാക്ടറിപ്പടിക്കു സമീപം കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ഫാക്ടറിപ്പടിക്കു സമീപം ആന ഇറങ്ങുന്നതും ആദ്യമായാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ രാത്രി രണ്ടോടെയാണ് ആന ഇറങ്ങിയത്.
ഇതാദ്യമായാണ് ഈ പ്രദേശത്തു കാട്ടാനയുടെ ശല്യം ഉണ്ടാകുന്നതെന്ന് പറയുന്നത്. കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് ആളുകള്‍ ഉണര്‍ന്ന് ബഹളം കൂട്ടുകയായിരുന്നു. വനപാലകരുടെ സഹായം തേടിയെങ്കിലും ആരും എത്തിയില്ല. വന്‍തോതില്‍ വാഴ, കപ്പ, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു.
ഊരാംപാറയില്‍ രണ്ടു കാട്ടാനകള്‍ നിത്യസന്ദര്‍ശകരാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഈ ആനകള്‍ കക്കാട്ടാറ് കടന്ന് എത്തുന്നുണ്ട്. മൂന്നു മാസമായി ഇവ എല്ലാദിവസവും ജനവാസ മേഖലകളില്‍ കയറാറുണ്ട്. ഇവയാണ് ഫാക്ടറിപ്പടിവരെ എത്തിയതെന്ന് കരുതുന്നു. ചിറ്റാര്‍ - സീതത്തോട് പാതയില്‍ കാട്ടാനകളെ കാണാന്‍ സന്ദര്‍ശകരെത്താറുണ്ട്.
രാത്രിയിലും നേരം പുലര്‍ന്ന് ആനകള്‍ മടങ്ങുന്നതുവരെ വനപാലകര്‍ റോഡിന്റെ ഇരുവശവും കാവല്‍നിന്ന് വാഹനങ്ങള്‍ തടഞ്ഞാണ് ആനകളെ കയറ്റി വിടുന്നത്. ആനകളെ കാണാന്‍ നിരവധിയാളുകള്‍ എത്തുന്നുമുണ്ട്.