തൊഴിലാളി യൂണിയൻ ശുചിത്വമിഷൻ ഓഫീസിലേക്കു മാർച്ച് നടത്തി
1482322
Tuesday, November 26, 2024 8:15 AM IST
പത്തനംതിട്ട: ജില്ലയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, കാലി ടാങ്കർ വാഹനങ്ങൾ പോലും പിടിച്ചെടുക്കുന്ന പോലീസ് നടപടിയും ഉദ്യോഗസ്ഥപീഡനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മാലിന്യ നിർമാർജന തൊഴിലാളി യൂണിയൻ ( ഐഎൻടിയുസി ) പ്രവർത്തകർ നഗരത്തിൽ പ്രക്ഷോഭം നടത്തി.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച ടാങ്കർ ലോറി ജാഥ സെൻട്രൽ ജംഗ്ഷൻ, കെഎസ്ആർടിസി, അബാൻ കവലവഴി വീണ്ടും സെൻട്രൽ ജംഗ്ഷനിൽ എത്തി ജില്ലാ ശുചിത്വ മിഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇതേവരെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാത്ത ഭരണകൂടം മറ്റെന്തു നേട്ടത്തിന്റെ മേനി കാണിച്ചാലും അതു വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും നല്ല ശുദ്ധവായുവിന്റെ നാട് ദുർഗന്ധം വമിക്കുന്ന ഇടമാകരുത്. ആലപ്പുഴ ജില്ലയിൽ സമാന സാഹചര്യം ഉണ്ടായപ്പോൾ ജില്ലാ ഭരണം എടുത്ത തീരുമാനം, ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ല കണ്ടുപഠിക്കണമെന്നും ജ്യോതിഷ് കമാർ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് അജിത് മണ്ണിൽ അധ്യക്ഷത വഹിച്ചു. പി.കെ. ഗോപി, ഹരികുമാർ പൂതങ്കര, തോട്ടുവ മുരളി, എ.ഡി. ജോൺ, പി.കെ. ഇഖ്ബാൽ, വി.എൻ. ജയകുമാർ, സുരേഷ് കുഴുവേലിൽ, ജി. ശ്രീകുമാർ, സജി തോട്ടത്തിമല, പാണ്ടി മലപ്പുറം മോഹൻ,സജീവൻ എന്നിവർ പ്രസംഗിച്ചു.ഇതിനിടെ മാലിന്യനിർമാർജന വിഷയം ചർച്ച ചെയ്യാൻ ഇന്നു ജില്ലാ ശുചിത്വ മിഷൻ യോഗം വിളിച്ചു.