വീട്ടിനുള്ളിലിരുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് സ്വർണമാല അപഹരിച്ചു
1482380
Wednesday, November 27, 2024 4:40 AM IST
തിരുവല്ല: ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ മുഖത്ത് മുളകുപൊടി വിതറിയശേഷം വയോധികയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചു കടന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്.
ഇന്നലെ രാവിലെ 8.30ഓടെ ആയിരുന്നു സംഭവം. വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ചു കടക്കുകയായിരുന്നു. സംഭവ സമയം ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മരുമകൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി പുറത്തുപോയിരിക്കുകയായിരുന്നു. തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി സിഐ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.