അഞ്ച് സ്കൂളുകൾ ചുറ്റുവട്ടത്ത്, വേദികളും ദൂരത്തിലല്ല
1482366
Wednesday, November 27, 2024 4:29 AM IST
ജില്ലാ സ്കൂൾ കലോത്സവത്തിന് തിരുമൂലപുരം എസ്എൻവിഎസ് എച്ച്എസ് പ്രധാന വേദിയായപ്പോൾ തിരുമൂലപുരത്തു തന്നെ പ്രവർത്തിക്കുന്ന ബാലികാമഠം എച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ്, എംഡിഎം എൽപിഎസ്. ഇരുവള്ളിപ്ര, സെന്റ് തോമസ് എച്ച്എസ്എസ് എന്നിവയാണ് മറ്റ് കലോത്സവ വേദികൾ.
ഒന്നിടവിട്ട വർഷങ്ങളിൽ ഇപ്പോൾ തിരുമൂലപുരം സ്കൂളുകൾ കലോത്സവ വേദികളായി മാറിക്കൊണ്ടിരിക്കുകയാണ്. അരകിലോമീറ്റർ ചുറ്റളവിൽ ഇത്രയും വേദികൾ ലഭിക്കുന്നുവെന്നതാണ് സംഘാടകർക്കും മത്സരാർഥികൾക്കും സൗകര്യപ്രദമാകുന്നത്.
ആദ്യ ദിവസം നിരവധി ഗ്രൂപ്പിനങ്ങളാൽ വേദികൾ നിറഞ്ഞു. മാർഗംകളി, പരിചമുട്ട്, ചവിട്ടു നാടകം, തിരുവാതിര, കേരളനടനം , സംഘ നൃത്തം തുടങ്ങിയ നാട്യ കലകൾ ആടിതിമിർത്തപ്പോൾ വഞ്ചിപ്പാട്ട്, ചെണ്ട, പഞ്ചവാദ്യവും വെസ്റ്റേൺ വാദ്യോപകരണങ്ങളും മറ്റ് വേദികളിൽ മാറ്റൊലി കൊണ്ടു.
തിരുമൂലപുരം എസ്എൻവിഎസ് എച്ച്എസിൽ തിരുവാതിരയും തിരുമൂല വിലാസം യുപിഎസിൽ കേരളനടനവും സംഘ നൃത്തവേദികളും വൈകിയും നിറഞ്ഞുനിന്നു. കലോത്സവത്തിനു തുടർച്ചയായ വേദികളാകുന്നതോടെ കാണികൾ നന്നേ കുറവാണ്.
ഭക്ഷണക്കമ്മിറ്റിക്കു ഫണ്ട് കുറഞ്ഞു, ഹാളും ചെറുതായി
തിരുവല്ല: ജില്ലാ സ്കൂൾ കലോത്സവം പൊതുവേ പിശുക്കിലാണ്. സംഘാടകർ മുണ്ടുമുറുക്കി ഉടുത്താണ് മുന്പോട്ടു പോകുന്നതെന്ന് പറയുന്നു. ഇത് പ്രകടമായത് ഭക്ഷണശാലയിലാണ്.
മുൻകാലങ്ങളിൽ തിരുമൂലപുരത്തെ കലോത്സവത്തിന് വിശാലമായ ഭക്ഷണശാല സൗകര്യമായിരുന്നു. ഇത്തവണ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. 250 കസേരകൾ മാത്രമാണ് ഇവിടെയുള്ളത്. പുറത്ത് കുട്ടികൾക്കായി പ്ലേറ്റ് നൽകി ബൊഫേ സൗകര്യം ചെയ്തിട്ടുണ്ട്.
മുന്പ് തിരുമൂലപുരത്തെ കലോത്സവങ്ങൾക്ക് സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയമാണ് ഭക്ഷണശാലയ്ക്കായി ഏറ്റെടുത്തിരുന്നത്. ഇത്തവണ നാലു ദിവസത്തേക്ക് വാടക കൂടുതലാണെന്ന പേരിലാണ് ചെറിയ ഹാളിലേക്ക് മാറിയതെന്ന് പറയുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഫുഡ് കമ്മിറ്റിക്ക് 1.75 ലക്ഷം രൂപ കുറച്ചാണ് നൽകിയിരിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ മെനുവിനെയും ബാധിച്ചേക്കാം.
ആദ്യ ദിവസം അപ്പീൽ പ്രളയം
കലോത്സവത്തിന്റെ ആദ്യ ദിവസം തന്നെ പത്ത് അപ്പീലുകളാണ് സംഘാടകരുടെ മുന്നിലെത്തിയത്. വാശിയേറിയ മത്സരം നടന്ന വഞ്ചിപ്പാട്ട്, മാർഗംകളി, കേരളനടനം, തിരുവാതിര തുടങ്ങിയ ഇനങ്ങളിലും ശാസ്ത്രീയ സംഗീതത്തിലും അപ്പീലുകൾ എത്തി. തുടർച്ചയായ നാലു വർഷം ഒരേ വിധികർത്താക്കൾതന്നെ ശാസ്ത്രീയ സംഗീതത്തിൽ എത്തിയതായി ചൂണ്ടിക്കാട്ടി ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളിലെ ഒരു മത്സരാർഥി നൽകിയ പരാതി ശ്രദ്ധേയമായി.
കലാത്സവ മാനുവൽ പ്രകാരം അടുത്തടുത്ത വർഷങ്ങളിൽ വിധികർത്താക്കൾ വരാൻ പാടില്ലെന്നും പരാതി പരിശോധിക്കുന്നതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില വ്യക്തമാക്കി. വഞ്ചിപ്പാട്ട് മത്സരത്തിൽ ആറന്മുള ശൈലിയാണ് എല്ലാ ടീമുകളും അവതരിപ്പിച്ചതെന്നും എന്നാൽ ആറന്മുള ശൈലിയിൽ പ്രാവീണ്യമുള്ള വിധി കർത്താക്കളല്ല വന്നതെന്നും ആരോപിച്ച് പരിശീലകർ പ്രതിഷേധം ഉയർത്തി.