എംസി റോഡിൽ വാഹനങ്ങൾ ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടു പേർ മരിച്ചു
1482326
Tuesday, November 26, 2024 8:16 AM IST
തിരുവല്ല: എംസി റോഡിൽ ഇടിഞ്ഞില്ലത്തിനും പെരുന്തുരുത്തിക്കും മധ്യേ ഞായറാഴ്ച രാത്രിയുണ്ടായ രണ്ടു വ്യത്യസ്ത അപകടങ്ങളിലായി കാൽനട യാത്രക്കാരായ രണ്ടു പേർ മരിച്ചു.
ഇടിച്ച രണ്ടു വാഹനവും നിർത്താതെ പോയി. ഒരു വാഹനം പോലീസ് പിടിച്ചെടുത്തു. മറ്റൊരു വാഹനവും മരിച്ച ആളെയും തിരിച്ചറിഞ്ഞിട്ടില്ല. ഇടിഞ്ഞില്ലത്ത് രാത്രി 7.50 നു നടന്ന അപകടത്തിൽ അരമന ഹോട്ടലിലെ പാചകക്കാരൻ കോട്ടയം നട്ടാശേരി പുറത്തിട്ടയിൽ എസ്. ഷിബുവാണ് (49) മരിച്ചത്.
നാരായണന്റെയും അമ്മിണിയുടെയും മകനാണ്. മൂന്നാഴ്ച മുമ്പാണ് ഹോട്ടലിൽ ജോലിക്കു കയറിയത്. വൈകുന്നേരം നാലിന് മുറിയിൽ വിശ്രമത്തിനു പോയി ഏഴരയോടെ തിരികെ വരുമ്പോൾ ജോലി ചെയ്യുന്ന ഹോട്ടലിനു മുന്പിലായിരുന്നു അപകടം.
ഇടിച്ച കാർ നിർത്താതെ പോയതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം സിസിടിവി പരിശോധിച്ച് വാഹനം കണ്ടെത്തി. ഡൈവറെ ബന്ധപ്പെട്ട് സ്റ്റേഷനിൽ വരുത്തുകയായിരുന്നു. വാഹനം ഓടിച്ച പത്തനംതിട്ട കല്ലറക്കടവ് തുണ്ടിയിൽ അശ്വിനെ (20) അറസ്റ്റ് ചെയ്തു. എൻജിനിയറിംഗ് വിദ്യാർഥിയാണ്. രണ്ടാമത്തെ അപകടം രാത്രി പന്ത്രണ്ടോടെ പെരുന്തുരുത്തിയിലാണ് ഉണ്ടായത്.
മരിച്ച ആളെയും ഇടിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇടിയേറ്റു റോഡിൽ കിടന്നയാളെ സമീപത്തെ ഹോട്ടലുടമയാണ് 108 ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലാണ്.