തിരുവല്ലയുടെ അക്ഷരനഗരിയിൽ കലയുടെ കേളികൊട്ട്
1482362
Wednesday, November 27, 2024 4:29 AM IST
തിരുവല്ല: തിരുവല്ലയുടെ അക്ഷരനഗരിയിൽ പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു തിരിതെളിഞ്ഞു. തിരുമൂലപുരത്തെ അഞ്ച് വിദ്യാലയങ്ങളിലായുള്ള ഒരു ഡസനോളം വേദികളിൽ ഇനിയുള്ള മൂന്നുദിനങ്ങൾ കലയുടെ കേളികൊട്ട്.
തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂളിലെ പ്രധാന വേദിയിൽ ഇന്നലെ രാവിലെ മന്ത്രി വീണാ ജോർജ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ജോസ് പഴയിടം, നഗരസഭാ കൗൺസിലർ ഡോ. റെജിനോൾഡ് വർഗീസ്, പത്തനംതിട്ട ഡിഡിഇ ബി.ആർ. അനില, എച്ച്എസ്എസ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ, പത്തനംതിട്ട ഡിഇഒ കെ.പി. മൈത്രി, തിരുവല്ല ഡിഇഒ ഡി. ഷൈനി, ഫിലിപ്പ് ജോർജ്, ബിനു ജേക്കബ് നൈനാൻ, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ കലോത്സവത്തിന്റെ ലോഗോ തയാറാക്കിയ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി അലന്ന അജിയെ മെമന്റോ നൽകി ആദരിച്ചു.